തിരുവനന്തപുരം: വ്യാജമായി സിദ്ധ ചികില്‍സ ചെയ്യുന്നവര്‍ക്കെതിരെ പലവട്ടം പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ലൈസന്‍സില്ലാതെ മരുന്നുകളുണ്ടാക്കി വിറ്റഴിക്കുന്നുണ്ടെങ്കിലും ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗവും അനങ്ങിയിട്ടില്ല. ഏത് രാജ്യത്ത് സിദ്ധ മെഡിസിന്‍ പഠിച്ചിറങ്ങിയാലും കേരളത്തില്‍ പ്രക്ടീസ് ചെയ്യണമെങ്കില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം.

അല്ലാത്തപക്ഷം വ്യാജ ചികില്‍സ എന്ന പേരില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാം. എന്നാല്‍ ഇവിടെ പരാതി നല്‍കിയിട്ടും രക്ഷയില്ല. വ്യാജ ചികില്‍സള്‍ക്കിരയാകുന്നവര്‍ നേരിട്ട് പരാതിപ്പെട്ടാലും രക്ഷയില്ല. സിദ്ധ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ഒരു വര്‍ഷം തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലും അധികൃതര്‍ ചെറുവിരലനക്കിയിട്ടില്ല.

ലൈസന്‍സില്ലാത്ത മരുന്നുകളോ ചേരുവകള്‍ വെളിപ്പെടുത്താത്ത മരുന്നുകളോ വിപണിയിലിറക്കിയാല്‍ അതിലിടപെടേണ്ടത് ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗമാണ് എന്നാല്‍ ഇത്തരം മരുന്നുകള്‍ വ്യാപകമായി വ്യാജന്മാര്‍ നല്‍കിയിട്ടും ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം നടപടിയെടുത്തിട്ടില്ല.