കണ്ണൂർ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന പേരിൽ കണ്ണൂർ മാനന്തേരിയിൽ ഇതര സംസ്ഥാന യുവാവിന് നാട്ടുകാരുടെ കൂട്ട മർദനം. ഒഡിഷ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തത്. നാട്ടുകാരുടെ ആരോപണത്തിന് തെളിവൊന്നും ഇല്ലെന്ന് വ്യക്തമാക്കി പൊലീസാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാനന്തേരിയിൽ വെച്ച് ഉച്ചയോടെയാണ് ഇയാളെ പിടികൂടി മർദിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ തന്നെ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന പേരിൽ പ്രചരിപ്പിച്ചത്. നാട്ടുകാർ തന്നെ ചോദ്യം ചെയ്യുകയും, പരസ്പര ബന്ധമില്ലാതെ ഇയാൾ പറയുന്ന കാര്യങ്ങളെ പരിഭാഷപ്പെടുത്തുന്നതും കാണാം.
കണ്ണവം പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാൾക്ക് മാനസിക നിലയിൽ പ്രശ്നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നു. കണ്ണൂരിലെ ഒരു ബസ് കണ്ടക്ടറുടെ ലൈസൻസും എടിഎം കാർഡും ഇയാളുടെ കൈവശമുണ്ട്. ഇതെങ്ങനെ ലഭിച്ചുവെന്നന്വേഷിക്കും. എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന പേരിൽ തെളിവുകളോ വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസുമെടുത്തിട്ടില്ല. വാട്സാപ്പ് പ്രചാരണങ്ങളുടെ പേരിൽ വലിയ പ്രതിസന്ധിയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ അനുഭവിക്കുന്നത്. കൂത്തുപറമ്പ് പാട്യത്ത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന മുന്നൂറോളം തമിഴ്കുടുംബങ്ങൾ പുറത്തിറങ്ങാനാവാതെ കഴിയുകയാണ്.
കഴിഞ്ഞ ദിവസം പൊന്നാനിയില്‍ വെച്ച് മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ ഒരു കൂട്ടം ജനങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് പോകല്‍ കഥകളുടെ മറപിടിച്ചാണ് നിരപരാധിയായ വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. ജനങ്ങളുടേയും പോലീസിന്‍റേയും സമയോചിതമായ ഇടപെടലിലൂടെയാണ് അയാള്‍ രക്ഷപ്പെട്ടത്.
പഴയ ചില പേടിപ്പെടുത്തുന്ന ചിത്രങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കഥകളും സഹിതമാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ വഴി ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത്. പ്രചരിക്കുന്നതില്‍ 99 ശതമാനം വാര്‍ത്തകളും വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
