പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. സാന്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം എന്നാണ് ബന്ധുക്കളുടെ സംശയം. ശനിയാഴ്ച പുലർച്ചയോടെയാണ് പത്തനംതിട്ട തണ്ണിത്തോട് ബബഥാൻ റോഡിൽ താമസിക്കുന്ന കുഞ്ഞുമോനെന്ന കടന്പാട്ട് ജോർജ് ഡാനിയേലിനെ വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മൃതദേഹം കണ്ടെത്തിയ മുറിക്ക് തൊട്ടടുത്ത മുറികൾ ഒപ്പം കത്തി നശിച്ചു. പുലർച്ചെ രണ്ടോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും ഉണർന്നത്. അടുത്ത മുറിയിൽ നിന്ന് പുകയുയരുന്നതാണ് കണ്ടത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും റേഷൻ കാർഡ് ഉൾപ്പെടെ രേഖകളും ഉൾപ്പെടെ കത്തിനശിച്ചു.
മകനും അയൽവാസികളും മുറി ചവിട്ടിത്തുറന്ന് അകത്തു കടന്നു തീ കെടുത്തുന്നതിന് വെള്ളം എടുക്കാൻ നോക്കിയപ്പോൾ രണ്ട് ടാങ്കുകളിലും വെള്ളം ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ട്. സമീപത്തെ വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്നാണ് പിന്നീട് തീ കെടുത്തിയത്. രണ്ട് ഗ്യാസ് സിലിണ്ടറുകൾ തീ കത്തിയ മുറിയിലുണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കുഞ്ഞുമോൻ തന്നെയാണ് തീയിട്ടത് എന്നാണ് പ്രാധമിക നിഗമനം. എന്നാൽ ഇതെല്ലാം എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആർക്കും ഇല്ല. സാന്പത്തിക ബുദ്ധിമുട്ടുകളാകാം കാരണം എന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
