കിഡ്‌നി നല്‍കാന്‍ ഭാര്യ തയ്യാറാണെങ്കിലും മാറ്റിവയ്ക്കാനായി പത്ത് ലക്ഷം രൂപ ചെലവ് വരുമെന്നത് ഇവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല.

കോഴിക്കോട്: താങ്ങും തണലുമായ കുടുംബനാഥന്റെ ഇരു വൃക്കകളും തകര്‍ന്ന് ശയ്യാവലംബിയായതോടെ ഉദാരമതികളുടെ കനിവ് കാത്തിരിക്കുകയാണ് നിരാലംബയായ ഈ കുടുംബം. കോഴിക്കോട് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ മണക്കടവ് ഇളവീട്ടില്‍ വിനോദ് കുമാറാണ് (41) ഇരു കിഡ്‌നികളും തകര്‍ന്ന് ആറ് വര്‍ഷമായി ഡയാലിസിസിന് വിധേയനാകുന്നത്. 

ഇതോടെ ഭാര്യയും രണ്ട് പിഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം വഴി മുട്ടിയിരിക്കുകയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഇവര്‍ മണക്കടവില്‍ ഒരു വാടക വീട്ടിലാണ് താമസിച്ച് വരുന്നത്. നിത്യ ജീവിതം, വീട്ടുവാടക, ചികിത്സ എന്നിവയ്ക്ക് പോലും സാമ്പത്തികമില്ലാത്തത് കാരണം വിനോദിന്റെ കുടുംബം ദുരിതത്തിലായി കഴിഞ്ഞു. 

കിഡ്‌നി മാറ്റി വച്ചാല്‍ മാത്രമേ ഇനി വിനോദിന് മുന്നോട്ട് പോകാനാകൂ. കിഡ്‌നി നല്‍കാന്‍ ഭാര്യ തയ്യാറാണെങ്കിലും മാറ്റിവയ്ക്കാനായി പത്ത് ലക്ഷം രൂപ ചെലവ് വരുമെന്നത് ഇവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ശസ്ത്രക്രിയയ്ക്കും ഇരുവരുടെയും തുടര്‍ ചികിത്സയ്ക്കുമായി സാമ്പത്തികം കണ്ടത്താന്‍ മറ്റൊരു വഴിയുമില്ലാത്തതിനാല്‍ ഇവര്‍ വിഷമത്തിലാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനായി ഗ്രാമപഞ്ചായത്ത് അംഗം എ.എം. പുഷ്പകുമാരി ചെയര്‍പേഴ്‌സണും എ. ഹമീദ് മൗലവി കണ്‍വീനറും വി.പി. മാധവന്‍ ട്രഷററുമായി ഒരു ജനകീയ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ്. 

സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായാലെ വിനോദിന്റെ കുടുംബത്തെ ഇനി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരനാകൂ. സാമ്പത്തിക സഹായമെത്തിക്കാനായി കമ്മിറ്റി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പന്തീരാങ്കാവ് ബ്രാഞ്ചില്‍ 6229000100053680 ( IFSC CODE:PUNB0622900 ) എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9387454618, 9946975730, 9539984628.