കര്‍ഷകസമരം: താല്‍ക്കാലിക ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വടക്കേ ഇന്ത്യയിലെ കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിൽ താല്‍ക്കാലിക ആശ്വാസ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാർ. കരിന്പ് കര്‍ഷകര്‍ക്കായി 7000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ കർഷകറാലിയിൽ പങ്കെടുത്ത രാഹുൽഗാന്ധി, കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്ത് ദിവസത്തിനകം കാർഷികകടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒന്നാം തീയതിയാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കുടക്കീഴില്‍ കര്‍ഷകര്‍ ഏഴ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയത്. ചന്തകളില്‍ വില്‍ക്കാതെ പാലും പഴങ്ങളും പച്ചക്കറികളും റോഡില്‍ വലിച്ചെറിഞ്ഞ് തുടങ്ങിയ സമരത്തി്ന്‍റെ പ്രത്യാഘാതം തൊട്ടപിന്നാലെ തന്നെ ജനം അനുഭവിക്കാന്‍ തുടങ്ങി. നഗരപ്രദേശങ്ങളില്‍ രൂക്ഷമായ വിലക്കയറ്റം. സമരത്തിന്‍റെ അവസാന പടിയായ ഭാരതബന്ദിന് നാല് ദിവസം ബാക്കി നില്‍ക്കെയാണ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്ക്കാലിക ആശ്വാസ പദ്ധതിയുമായി എത്തിയത്. 

അമിത ഉല്‍പ്പാദനം മൂലം വിലയിടഞ്ഞതോടെ കര്‍ഷകര്‍ക്ക് പണം നല്കാന്‍ പഞ്ചസാര മില്ലുകള്‍ക്ക് കഴിയാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 12,000 കോടി രൂപ കുടിശിക. സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പ്രഖ്യാപനം കര്‍ഷര്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. കര്‍ഷകസമരത്തിന്‍റെ മറപിടിച്ച്, മധ്യപ്രദേശില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി.

ആറ് മാസത്തിനുള്ളില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇത് കൂടി മുന്നില്‍ കണ്ടായിരുന്നു കര്‍ഷ പ്രക്ഷോഭങ്ങളുടെ പ്രധാനകേന്ദ്രമായ മാന്‍സോറിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര. കഴിഞ്ഞ വര്‍ഷം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വേദിയിലിരുത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ , പണക്കാരുടെ കടം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നതെന്ന് കുറ്റപ്പെടത്തി.

പച്ചക്കറിയും പാലും റോഡിൽ വിതറിയുള്ള സമര രീതി കർഷകർ നിർത്തി. ഇതെല്ലാം സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം.കര്‍ഷ പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപിയിലെ വിമത നേതാക്കളും രംഗത്തിത്തിയത് ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യശ്വന്ത് സിന്‍ഹ, ശത്രൂഘ്നന്‍ സിന്ഹ, പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ വെള്ളിയാഴ്ച മാന്‍സോറില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി ദിനാചാരണത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആശ്വാസപദ്ധതി പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്ച ബന്ത് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പി ന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരിക്കുകയാണ്.