കര്‍ണാടക: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം രാജ്യമനസാക്ഷിയുടെ മനസ്സില്‍ നിന്നും മായും മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം മോപ്പഡില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട് ഒരു പിതാവ്. കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി.

കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ മീറ്റര്‍ അകലെയുയുള്ള സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കേയാണ് രത്നമ്മ മരിച്ചത്. പുറത്തു നിന്ന് വാഹനം വിളിക്കാന്‍ തിമ്മപ്പയുടെ കയ്യില്‍ പണമില്ലായിരുന്നു. ആംബുലന്‍സിനായി ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം കൈമലര്‍ത്തി. മരണശേഷം ആംബുലന്‍സ് തരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രാജണ്ണ പറയുന്നു. തുടര്‍ന്ന് മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ ശരീരം മോപ്പഡില്‍ ഇരുത്തി വീട്ടിലെത്തിക്കുകയായിരുന്നു തിമ്മപ്പ.

ഒഡീഷയില്‍ മാഞ്ചി എന്ന ആദിവാസി യുവാവായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയുടെ മ‍ൃതദേഹം ചുമന്ന് രാജ്യമനസാക്ഷിയെ പിടിച്ചുലച്ചത്.