ലോകകപ്പ് ഫ്രാന്‍സ് ഉയര്‍ത്തുമെന്ന് പറയാന്‍ കാരണങ്ങളിവയാണ്

മോസ്‌കോ: ചരിത്രത്തിലെ രണ്ടാം ലോകകകിരീടം നോട്ടമിടുന്ന ഫ്രാന്‍സോ അതോ കന്നിക്കിരീടത്തിനായി ബൂട്ടണിയുന്ന ക്രൊയേഷ്യയോ. റഷ്യന്‍ ലോകകപ്പിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഫുട്ബോള്‍ ലോകം ഈ ചോദ്യത്തിന് പിന്നാലെയാണ്. ലോകകപ്പിലെ കഴിഞ്ഞകാല ചരിത്രവും ഇത്തവണത്തെ മികവും പരിഗണിച്ചാല്‍ ഫ്രാന്‍സിനാണ് കപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യത‍.

റഷ്യയിലെ പ്രകടനം
മികച്ച ഫോമിലുള്ള മുന്നേറ്റനിരയും പ്രതിരോധവുമാണ് ഫ്രാന്‍സിന്‍റേത്. മുന്നേറ്റത്തില്‍ എംബാപ്പെയെന്ന പ്രതിഭാശാലിയുടെ സാന്നിധ്യം. കൂട്ടിന് ഗ്രീസ്മാനും മറ്റ്യൂഡിയും. ആശങ്കയുള്ളത് ജിറൗഡിന്‍റെ ഫോമില്‍ മാത്രം. മധ്യനിരയില്‍ കാന്‍റെയെന്ന മജീഷ്യന്‍റെ സാന്നിധ്യം. അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള പോഗ്ബയും മധ്യനിരയില്‍. അര്‍ജന്‍റീന, ഉറുഗ്വെ, ബെല്‍ജിയം തുടങ്ങിയ ടീമുകളെ മറികടന്നാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത് എന്നത് കരുത്ത് തെളിയിക്കുന്നു. 

ഒത്തിണക്കം
പ്രതിഭാശാലികളുടെ കൂട്ടം മാത്രമല്ല, ഒത്തിണക്കമുള്ള ടീം കൂടിയാണ് ഫ്രാന്‍സ്. എല്ലാ താരങ്ങള്‍ക്കും അവരുടെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നു. കളി നെയ്യുന്നതില്‍ കാന്‍റെ അപാരമിടുക്ക് കാട്ടുന്നു. അതാണ് ജിറൗഡ് ഫോമിലെത്താതിരുന്നിട്ടും ഫ്രഞ്ച് മുന്നേറ്റനിര തളരാത്തത്. അതേസമയം സെമിയില്‍ ജിറൗഡും പോഗ്ബയും അടക്കമുള്ളവര്‍ ടീം ആവശ്യപ്പെടുന്ന സമയത്ത് പ്രതിരോധഭടന്‍മാരായി. ആത്‌മാര്‍ത്ഥമായി കളിച്ചാല്‍ ഏത് ടീമിനെയും ഫ്രാന്‍സിന് അനായാസം മറികടക്കാം. ഗോളടിയില്‍ പിന്നില്‍ നിന്നാലും മത്സരത്തില്‍ തിരിച്ചെത്താനുള്ള കഴിവ് ഫ്രാന്‍സിനുണ്ടെന്ന് വ്യക്തമാക്കുന്നത് ഈ താരബാഹുല്യമാണ്. 

ലോകകപ്പ് ചരിത്രം
ഇരുപത് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ഫൈനലിലാണ് ഫ്രഞ്ച് പട ഇറങ്ങുന്നത്. 1998ല്‍ കപ്പുയര്‍ത്തിയ സിദാന്‍റെ സംഘമാണ് ഇതില്‍ ആദ്യത്തേത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അന്ന് ബ്രസീലിനെയാണ് തോല്‍പിച്ചത്. എന്നാല്‍ 2006 ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് കീഴടങ്ങി. മൂന്നാം ഫൈനലിന് ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം സ്വപ്‌നം കാണുന്ന ടീം ചില്ലറ ടീമല്ല. അതേസമയം ആദ്യ ഫൈനലിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.