ലോകകപ്പ് നേടുമെന്നുറച്ച് പെരിസിച്ചിന്‍റെ വാക്കുകള്‍

മോസ്‌കോ: ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ആരാധകരുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ. ലോകകപ്പ് ചരിത്രത്തില്‍ തന്നെ വിസ്‌മയമായിക്കഴിഞ്ഞ ഈ വിജയക്കുതിപ്പില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍താരം പെരിസിച്ചിന് പറയാനുള്ളത് ഇതാണ്. 'ഞങ്ങള്‍ സ്വപ്‌നത്തോട് വളരെയധികം അടുത്തുകഴിഞ്ഞു'. 

ഈ ജൈത്രയാത്ര വര്‍ണനാതീതമാണ്. ക്രൊയേഷ്യയുടെ ഇതിഹാസ താരങ്ങള്‍ക്കും ആരാധകര്‍ക്കുമുള്ള ആംഗീകാരമാണിത്. തങ്ങള്‍ ഇത്രയധികം മുന്നോട്ട് കുതിക്കുമെന്ന് ലോകകപ്പിന് മുന്‍പ് ആരും കരുതിയിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ പിന്നിട്ട് നിന്നശേഷം ഞങ്ങള്‍ വിജയം എത്തിപ്പിടിച്ചു. ടീം സ്‌പിരിറ്റാണ് ഇത് തെളിയിക്കുന്നത്- ഇംഗ്ലണ്ടിനെതിരായ മത്സരശേഷം പെരിസിച്ച് പറഞ്ഞു.

1998 ലോകകപ്പില്‍ ഫ്രാന്‍സ് സെമിയില്‍ ക്രൊയേഷ്യയുടെ വഴിമുടക്കി. അത് തങ്ങളെ കൂടുതല്‍ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. ഈ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ഫേവറേറ്റുകളാണ്. എന്നാല്‍ കപ്പുയര്‍ത്താന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കും. ഒരുക്കത്തിനായി മൂന്ന് ദിവസം മുന്നിലുണ്ട്. ലോകകപ്പുയര്‍ത്തുക എന്നതാണ് അത്യന്തിക ലക്ഷ്യം. അതിലേക്ക് തങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും പെരിസിച്ച് വ്യക്തമാക്കി.