മെസിയെ പിന്തുണച്ച് പരിശീലകന്‍ സാംപോളി രംഗത്ത്

മോസ്‌കോ: ലോകകപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയ അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെ പിന്തുണച്ച് പരിശീലകന്‍ സാംപോളി രംഗത്ത്. മെസി ലോകത്തെ മികച്ച താരമാണെന്ന പറഞ്ഞ സാംപോളി, പെനാല്‍റ്റിയുടെ പേരില്‍ താരത്തെ ക്രൂശിക്കുന്നത് അനീതിയാണെന്ന് വ്യക്തമാക്കി. 

നേരത്തെയും മെസിക്ക് പിന്തുണ നല്‍കി സാംപോളി രംഗത്തെത്തിയിരുന്നു. മെസി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് അര്‍ജന്‍റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ മെസിയെടുത്ത കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാന്നസ് ഹാല്‍ഡോര്‍സണ്‍ തടഞ്ഞിട്ടു. ഇതിന് പിന്നാലെ മെസിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയത് ചെറിയ നിരാശ സമ്മാനിച്ചെന്നും എന്നാല്‍ ടീം അതില്‍ നിന്ന് മുക്തമായതായും സാംപോളി പറയുന്നു. ടീമിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ മെസിയുടെ ചുമലില്‍ അടിച്ചേല്‍പിക്കുന്നതിനെയും പരിശീലകന്‍ എതിര്‍ത്തു. ഇന്ന് നടക്കുന്ന ക്രൊയേഷ്യ- അര്‍ജന്‍റീന മത്സരത്തിന് മുന്നോടിയുള്ള വാര്‍ത്താസമ്മേളനത്തിലാണ് സാംപോളി നിലപാടുകള്‍ വ്യക്തമാക്കിയത്.