മത്സരം രാത്രി 11:30ന് നെയ്മര്‍ പൂര്‍ണ സജ്ജനല്ലെന്ന് പരിശീലകന്‍ 

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന് ഇന്ന് ആദ്യ മത്സരം. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ അഞ്ച് തവണ ലോകജേതാക്കളായിട്ടുള്ള ബ്രസീലിന്‍റെ എതിരാളികള്‍ സ്വിറ്റ്സര്‍ലന്‍ഡാണ്. സൂപ്പര്‍ താരം നെയ്മര്‍ നൂറ് ശതമാനം മത്സര സജ്ജനായിട്ടില്ലെന്ന് പരിശീലകന്‍ ടിറ്റേ അറിയിച്ചത് ആരാധകര്‍ക്ക് ആശങ്കയാണ്. ആരും ഓര്‍ക്കാനിഷ്ടപ്പെടാത്ത ബെലോ ഹൊറിസോണ്ടയിലെ ദുരന്തം മറക്കാന്‍ കൂടിയാണ് ബ്രസീല്‍ ഇന്നിറങ്ങുന്നത്. 

അടിമുടി മാറിക്കഴിഞ്ഞു ബ്രസീല്‍. പരിശീലകന്‍ ടിറ്റേയുടെ കീഴില്‍ തുടര്‍ജയങ്ങള്‍ സ്വന്തമാക്കി ടീം റഷ്യയിലെത്തിയിരിക്കുന്നത് ലോകകിരീടം തിരിച്ചുപിടിക്കാനുറച്ചാണ്. പ്രധാന പ്രതീക്ഷ നെയ്മര്‍ തന്നെ. പക്ഷെ എല്ലാ കണ്ണുകളും നെയ്മറില്‍ മാത്രമല്ല എന്നതാണ് ബ്രസീലിന്‍റെ കരുത്ത്. ഗബ്രിയേല്‍ ജീസസ്, കൗടീഞ്ഞോ, മാഴ്സലോ, ഫിര്‍മിനോ, വില്യന്‍, തിയാഗോ സില്‍വ. എതിരാളികളുടെ നെഞ്ചിടിപ്പുയര്‍ത്താന്‍ ഈ പേരുകളൊക്കെ ധാരാളം. 

യോഗ്യതറൗണ്ടിലെ 18 കളിയില്‍ പരാജയപ്പെട്ടത് ഒറ്റയെണ്ണത്തില്‍ മാത്രം. സന്നാഹമത്സരങ്ങളില്‍ 100 ശതമാനം വിജയം. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ അല്‍പമെങ്കിലും ആശങ്കയുള്ളത് നെയ്മറുടെ കായികക്ഷമതയില്‍ മാത്രം. പൂര്‍ണ സജ്ജനല്ലാത്ത നെയ്മറെ പ്രധാനമത്സരങ്ങളിലേക്കുള്ള കരുതലെന്നോണം ഗ്രൂപ്പ് മത്സരങ്ങളില്‍ മുഴുവന്‍ സമയവും കളത്തിലിറക്കിയേക്കില്ല. ലോകറാങ്കിംഗില്‍ ആറാമതുള്ള സ്വിറ്റ്സര്‍ലന്‍ഡിന്‍റെ കരുത്ത് പ്രതിരോധമാണ്. 

ലോകകപ്പില്‍ ഇരു ടീമും ഇതിന് മുമ്പ് ഏറ്റുമുട്ടിയത് 1950ല്‍. അന്ന് മത്സരം സമനിലയായി. അവസാനം നേര്‍ക്കുനേര്‍ വന്ന 3 സൗഹൃദമത്സരങ്ങളില്‍ രണ്ടിലും കാനറികള്‍ തോല്‍വിയറിഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകവും ഈ കണക്കാണ്. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെടുന്നത് 84 വര്‍ഷം മുമ്പാണ്. റസ്തോവ് അരീനയില്‍ ഈ ചരിത്രം മാറ്റിയെഴുതണമെങ്കില്‍ സ്വിസ് സംഘത്തിന് വളരെ പണിപ്പെടേണ്ടിവരും.