ക്രൊയേഷ്യ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു
മോസ്കോ: ലോകകപ്പില് ആഫ്രിക്കന് വീര്യത്തിന് തടയിട്ട് ക്രൊയേഷ്യ. ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് നൈജീരിയയെ തകര്ത്തു. ലൂക്കാ മോഡ്രിച്ചിന്റെ പെനാല്റ്റിയും എറ്റേബോയുടെ സെല്ഫ് ഗോളുമാണ് ക്രൊയേഷ്യക്ക് ജയം സമ്മാനിച്ചത്. 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ ആദ്യ മത്സരത്തില് ക്രൊയേഷ്യ വിജയിക്കുന്നത്. മോഡ്രിച്ചാണ് കളിയിലെ താരം.
റയല് മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചും ബാഴ്സലോണയുടെ ഇവാന് റാക്കിറ്റിച്ചു അണിനിരന്ന മധ്യനിര താളം കണ്ടെത്തിയതോടെ അനായാസം പന്ത് നൈജീരിയന് ബോക്സിലേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു. മാന്സൂക്കിച്ചിന് കൂടുതല് പ്രാധാന്യം നല്കി പെരിസിക്, ക്രമാരിക്, റെബിക് എന്നിവരെ മുന്നേറ്റനിരയില് നിയോഗിച്ച പരിശീലകന് സ്ലാട്ട്ക്കോ ഡാലികിന്റെ തന്ത്രവും വിജയിച്ചു.
ആദ്യ പകുതിയില് 32-ാം മിനുറ്റിലായിരുന്നു ക്രൊയേഷ്യക്ക് ലീഡ് സമ്മാനിച്ച സംഭവബഹുലമായ ഗോളിന്റെ പിറവി. ലൂക്കാ മോഡ്രിച്ചെടുത്ത കോര്ണര് കിക്കിന് മാന്സൂകിച്ച് പറന്ന് തലവെച്ചു. എന്നാല് നൈജീരിയന് പ്രതിരോധതാരം എറ്റേബോയുടെ കാലില് തട്ടി തിരിഞ്ഞ് പന്ത് വലയിലെത്തി. ഇതോടെ ക്രൊയേഷ്യക്ക് നിര്ണായക ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞു.
സംഭവബഹുലമായിരുന്നു രണ്ടാം ഗോളും. ക്രൊയേഷ്യന് താരം മാന്സൂകിച്ചിനെ 69-ാം മിനുറ്റില് നൈജീരിയയുടെ എകോംങ് വീഴ്ത്തിയതിന് റഫറി പെനാല്റ്റി ബോക്സിലേക്ക് വിരല് ചൂണ്ടി.എകോംങിനെതിരെ റഫറി മഞ്ഞക്കാര്ഡ് പുറത്തെടുത്തു. കിക്കെടുത്ത റയല് മാഡ്രിഡിന്റെ സൂപ്പര്താരം മോഡ്രിച്ചിന് പിഴച്ചില്ല. അനായാസം പന്ത് ഗോള്കീപ്പറുടെ വലതുമൂലയിലൂടെ വല ചലിപ്പിച്ചു.
