ഉദ്ഘാടന മത്സരത്തിലെ താരമായി ഡെനീസ് ചെറിഷേവ്
മോസ്‌കോ: ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പിലെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം റഷ്യന്‍ താരം ഡെനീസ് ചെറിഷേവിന്. സൗദിക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് ചെറിഷേവ് പുരസ്കാരം സ്വന്തമാക്കിയത്. 43, 91 മിനുറ്റുകളിലായിരുന്നു ചെറിഷേവിന്‍റെ ഗോളുകള്‍. മികച്ച ഫിനിഷിംഗ് പാടവം വ്യക്തമാക്കുന്നതായി ഇരു ഗോളുകളും.
പരിക്കേറ്റ് മടങ്ങിയ അലന്‍ സഗോവിന് പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് ഇടവേളയ്ക്ക് മുന്‍പ് തന്നെ വലകുലുക്കി. മത്സരത്തില്‍ റഷ്യയുടെ രണ്ടാം ഗോളായിരുന്നു ഇത്. അധികസമയത്ത് പെനാള്‍ട്ടി ബോക്സില്‍ നിന്നുള്ള ചെറിഷേവിന്‍റെ ഇടങ്കാലന്‍ പ്രഹരം നൈറ്റിന്‍റെ വലതുമൂലയില്‍ പറന്നിറങ്ങി. മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് സൗദിയെ റഷ്യ തകര്‍ത്തു.
