മത്സരം രാത്രി 8:30ന്
മോസ്‌കോ: കിരീടം നിലനിര്‍ത്താനെത്തുന്ന ജര്‍മനിക്ക് ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരം. രാത്രി 8.30 നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് എതിരാളികള്‍. 1962ലെ ബ്രസീല്‍ ടീമിന് ശേഷം മറ്റാര്‍ക്കും ലോകകപ്പ് നിലനിര്‍ത്താനായിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് ജര്‍മനി ഇറങ്ങുന്നത്. ബ്രസീലില്‍ നിന്ന് റഷ്യയിലെത്തുമ്പോള്‍ ജര്‍മന്‍ ടീമിന്‍റെ കരുത്ത് കൂടിയിട്ടേ ഉള്ളൂ. 2014ലെ ഹീറോ ഗോഡ്സെക്കു പോലും ഇടമില്ലാത്ത തരത്തില്‍ പ്രതിഭകളുടെ ധാരാളിത്തം.
തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, മരിയോ ഗോമസ്, ജെറോം ബോട്ടംഗ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഒരുപാടുണ്ട് ജര്‍മന്‍ നിരയില്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം യോഗ്യത റൗണ്ടിലെ എല്ലാ കളിയും ജയിച്ചാണ് ലോകകപ്പിനെത്തിയിരിക്കുന്നത്. എന്നാല്‍ സൗഹൃദമത്സരങ്ങളില്‍ ഓസ്ട്രിയയോടും ബ്രസീലിനോടും തോറ്റത് ആരാധകരെ അല്‍പമൊന്ന് ആശങ്കപ്പെടുത്തുന്നു. അവസാന ഏഴ് ലോകകപ്പിലും ആദ്യ മത്സരം ജയിച്ച ടീമാണ് ജര്‍മനി.
മറുവശത്ത് മെക്സിക്കോയും അവസാന അഞ്ച് ലോകകപ്പുകളിലെ ആദ്യ മത്സരത്തില്‍ തോറ്റിട്ടില്ല. ലോകകപ്പ് യോഗ്യതറൗണ്ടില്‍ പരാജയമറിഞ്ഞത് ഒരു കളിയില്‍ മാത്രം. പക്ഷെ മെക്സിക്കോയുടെയും സമീപകാല പ്രകടനം അത്ര മെച്ചമല്ല. വെസ്റ്റ് ഹാം യുണൈറ്റഡ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസിലാണ് ടീമിന്‍റെ പ്രധാന പ്രതീക്ഷ. ഗോള്‍ കീപ്പര്‍ ഗുള്ളൂര്‍മോ ഒച്ചാവ 2014ലെ അത്ഭുത പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരധകരുടെ കണക്കുകൂട്ടല്‍.
ഇരു ടീമും ഇതുവരെ 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരിക്കല്‍ മാത്രമാണ് വടക്കേ അമേരിക്കന്‍ ടീമിന് ജയിക്കാനായത്. നിലവിലെ ഫോമില്‍ രണ്ടാമതൊരു ജയത്തിനായി മെക്സിക്കന്‍ സംഘം ഇനിയും കാത്തിരിക്കേണ്ടിവരും.
