ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും നൈജീരിയന്‍ നായകന്‍ സന്തോഷത്തിലാണ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരെ നൈജീരിയന്‍ നായകന്‍ ജോണ്‍ മൈക്കിള്‍ ഓബി പന്തുതട്ടുമ്പോള്‍ അദേഹത്തിന്‍റെ പിതാവ് ഘോര വനത്തില്‍ അക്രമികളുടെ തടവിലായിരുന്നു. നൈജീരിയ ലോകകപ്പില്‍ നിന്ന് മടങ്ങിയെങ്കിലും പിതാവ് മൈക്കിള്‍ ഓബിയുടെ കാര്യത്തില്‍ നൈജീരിയന്‍ നായകന്‍ ഇപ്പോള്‍ സന്തോഷവാനാണ്.

ഒരാഴ്ച്ചയായി അക്രമികളുടെ തടങ്കലിലായിരുന്ന മൈക്കിള്‍ ഓബിയെ രക്ഷപെടുത്തിയെന്നാണ് ഒടുവിലത്തെ വിവരം. കാറില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി മൈക്കിള്‍ ഓബിയെയും അദേഹത്തിന്‍റെ ഡ്രൈവറേയും സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആക്രമികള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം കൈമാറിയാണ് അദേഹത്തെ മേചിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ വെടിവെപ്പിലൂടെ പൊലിസാണ് നൈജീരിയന്‍ നായകന്‍റെ പിതാവിനെ രക്ഷപെടുത്തിയത് എന്നും വാര്‍ത്തകളുണ്ട്. അര്‍ജന്‍റീനക്കെതിരായ മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുമ്പോളായിരുന്നു പിതാവിനെ തട്ടിക്കൊണ്ടുപോയ വിവരം ജോണ്‍ മൈക്കിള്‍ ഓബി അറിഞ്ഞത്. നൈജീരിയയില്‍ പണത്തിനായി ആളുകളെ തട്ടിക്കൊണ്ട് പോകുന്നത് നിത്യസംഭവമാണ്.