ലുക്കാക്കുവിന്‍റെ അമ്പരപ്പിക്കുന്ന ജീവിത കഥ വായിക്കാം
മോസ്കോ: പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ് പാലിൽ വെള്ളമൊഴിച്ച് കുടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു കാലമുണ്ടായിരുന്നു ബെൽജിയത്തിന്റെ റെമേലു ലുക്കാക്കുവിന്. അവിടെ നിന്നാണ് ബെൽജിയത്തിലെ ഏറ്റവും മികച്ച കാൽപ്പന്തു കളിക്കാരനായി ലുക്കാക്കു വളര്ന്നത്.
ഒട്ടും എളുപ്പമായിരുന്നില്ല റൊമേലു ലുക്കാക്കുവിന്റെ വളര്ച്ച. വംശീയവെറിയും വിദ്വേഷവും ആവോളം അനുഭവിച്ച കുട്ടിക്കാലം. ഫുട്ബോൾ താരമായിരുന്ന അച്ഛന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് കുടുംബത്തെ പട്ടിണി പിടികൂടിയത്. ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഓരോന്നായി വീട്ടിൽ നിന്ന് പടിയിറങ്ങി. വീട്ടിലെ കേബിൾ കണക്ഷൻ പോലും നഷ്ടമായി. കുഞ്ഞു ലുക്കാക്കുവിന് അതൊക്കെ കണ്ട് നിൽക്കാനേ ആവുമായിരുന്നുള്ളൂ.
അന്നൊക്കെ സ്കൂളിൽ നിന്ന് ഉച്ച ഭക്ഷത്തിനായി ലുക്കാക്കു വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ വന്ന ഒരു ദിവസം പാലിൽ അമ്മ കരഞ്ഞുകൊണ്ട് വെള്ളമൊഴിക്കുന്നത് കണ്ടു. ലുക്കാക്കുവിനും അനുജനും കൊടുക്കാനാണ്. വെള്ളമൊഴിച്ചില്ലെങ്കിൽ തികയില്ല. അത് മാത്രമാണ് ഉച്ചഭക്ഷണം. ആ കാഴ്ച ദാരിദ്രത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ലുക്കാക്കുവിന് മനസിലാക്കിക്കൊടുത്തു.
അന്ന് തീരുമാനിച്ചു, പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുമെന്ന്. പക്ഷേ അതിന് പതിനാറ് വയസ് വരെ ലുക്കാക്കു കാത്തിരുന്നു. 2009 മെയ് 14ന് ലുക്കാക്കു തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. പക്ഷേ, അതിന് മുൻപ് ടീം പരിശീലകനോട് ഒരു കാര്യം പറഞ്ഞു, ടീമിലെടുത്താൽ ഈ സീസണിൽ 25 ഗോളടിക്കാം. നവംബറോടെ ലുക്കാക്കു വാക്ക് പാലിച്ചു. ഒപ്പം കോച്ചിനോട് മനസിൽ പറഞ്ഞു, പട്ടിണികിടക്കുന്നവനോട് തമാശ കാണിക്കരുത്.
ജീവിതം പിന്നെയും ലുക്കാക്കുവിനോട് തമാശ കാട്ടി. ക്ലബ്ബുമായി കരാറൊപ്പിട്ട് കളിക്കാനായി മൈതാനത്ത് ടീം ബസിൽ വന്നിറങ്ങുമ്പോൾ കീറിപ്പറിഞ്ഞ ട്രാക്ക് സ്യൂട്ടായിരുന്നു ലുക്കാകുവിന്റെ വേഷം. തുള വീണ ഒരു ജോഡി ബൂട്ടും. അവിടെ നിന്നാണ് ബെൽജിയത്തിലെ മികച്ച ഫുട്ബോൾ കളിക്കാരനായി റൊമേലു ലുക്കാക്കു മാറിയത്. 75 മില്യൺ പൗണ്ടാണ് ഇന്ന് ലുക്കാക്കുവിന്റെ മാന്ത്രിക കാലുകളുടെ വില. പട്ടിണി കൊണ്ട് കടഞ്ഞെടുത്ത കാലുകളുടെ വിലയാണത്.
