കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് മുന്‍പ് ബ്രസീലിന് ആശങ്ക
മോസ്കോ: ലോകകപ്പില് കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് മുന്പ് ബ്രസീലിന് ആശങ്കയായി നെയ്മറുടെ പരിക്ക്. പരിശീലനം പൂര്ത്തിയാക്കാതെ നെയ്മര് നേരത്തെ മടങ്ങിതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതോടെ മത്സരത്തില് നെയ്മര് കളിക്കുമോ എന്ന കാര്യം സംശയത്തിലായി. പരിശീലനത്തിനായി മൈതാനത്തെത്തി പത്ത് മിനുറ്റിന് ശേഷം നെയ്മര് ടീം സ്റ്റാഫിനൊപ്പം മടങ്ങുകയായിരുന്നു.
എന്നാല് നെയ്മര്ക്ക് കാല്ക്കുഴയ്ക്ക് വേദനയനുഭവപ്പെട്ടെന്നും സ്വിറ്റ്സര്ലന്ഡിനെതിരായ മത്സരത്തിലെ ശക്തമായ ടാക്കിളുകള് മൂലമാണിതെന്നും ടീം മീഡിയാ മാനേജര് വിനീഷ്യസ് റോഡ്രിഗസ് അറിയിച്ചു. അടുത്ത ദിവസം പരിശീലനത്തിന് നെയ്മര് തിരിച്ചെത്തുമെന്നും റോഡ്രിഗസ് പറയുന്നു.
സ്വിറ്റ്സര്ലന്ഡിനെതിരായ മത്സരത്തില് നെയ്മര് പത്ത് തവണ ഫൗളിനും വിധേയമായിരുന്നു. അതേസമയം പൂര്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന സൂചനകള് മത്സരത്തില് നെയ്മര് കാട്ടിയിരുന്നു. വെള്ളിയാഴ്ച്ചയാണ് ബ്രസീല്- കോസ്റ്റാറിക്ക പോരാട്ടം.
