മറഡോണയുടെ ആവശ്യം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഫൗളിന്‍റെ പേരില്‍

മോസ്‌കോ: റയല്‍ മാഡ്രിഡിന്‍റെ സ്‌പാനിഷ് പ്രതിരോധതാരം സെര്‍ജിയോ റാമോസിനെ രണ്ട് വര്‍ഷം വിലക്കണമായിരുന്നെന്ന് ഫുട്ബോള്‍ ഇതിഹാസം മറഡോണ. മെയ്യില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരമായ സലായെ റയലിന്‍റെ റാമോസ് ഫൗള്‍ ചെയ്തതാണ് മറഡോണയെ പ്രകോപിപിച്ചത്. റാമോസുമായുള്ള പോരാട്ടത്തിനിടയില്‍ പരിക്കേറ്റ സലാ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടിരുന്നു. സംഭവത്തില്‍ റാമോസിനെതിരായി യൂവേഫ അച്ചടക്കനടപടികളൊന്നും എടുത്തിരുന്നില്ല. എന്നാല്‍ റയല്‍ മാഡ്രിഡ് താരമായതിനാലാണ് റാമോസിനെതിരെ നടപടികളെടുക്കാതിരുന്നതെന്ന് മറഡോണ വിമര്‍ശിച്ചു. ബാഴ്‌സലോണ താരമായിരുന്നെങ്കില്‍ റാമോസ് ശിക്ഷിക്കപ്പെടുമായിരുന്നു. യൂറോപ്പിലെ ശക്തമായ ടീമാണ് റയല്‍ എന്നതാണ് ഈ അനീതിക്ക് കാരണമെന്നും ഫുട്ബോള്‍ ഇതിഹാസം പറഞ്ഞു. മത്സരത്തില്‍ 3-1ന് വിജയിച്ച് റയല്‍ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയിരുന്നു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണയുടെ ഈ ആവശ്യം.