റഷ്യക്ക് സലായിലൂടെ ഈജിപ്തിന്‍റെ മറുപടി

മോസ്‌കോ: ലോകകപ്പില്‍ റഷ്യക്കെതിരെ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായിലൂടെ തിരിച്ചടിച്ച് ഈജിപ്ത്. രണ്ടാം പകുതിയില്‍ റഷ്യ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ 73-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സലാ ഈജിപ്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സലായെ ബോകില്‍ വീഴ്ത്തിയതിന് 'വാര്‍' ഉപയോഗിച്ച് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. ലോകകപ്പ് കരിയറില്‍ സലായുടെ ആദ്യ ഗോളാണിത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ റഷ്യക്കുവേണ്ടി ചെറിഷേവ്, സ്യൂബ എന്നിവരുടെ വകയായിരുന്നു രണ്ടും മൂന്നും ഗോളുകള്‍. കളിയില്‍ ആദ്യ പകുതിയിലെ ഗോള്‍ വരള്‍ച്ച രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നാടകീയമായി അസ്തമിച്ചു. 47-ാം മിനുറ്റില്‍ റഷ്യയുടെ സോബ്‌നിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച ഈജിപ്ത് താരം ഫാത്തിയുടെ കാലില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലേക്ക് കയറിയതോടെ റഷ്യ മുന്നിലെത്തി. 

പിന്നാലെ കണ്ടത് ഈജിപ്ഷ്യന്‍ ഗോള്‍മുഖത്ത് റഷ്യയുടെ ഇരച്ചില്‍. 59-ാം മിനുറ്റില്‍ ചെറിഷേവ് വലകുലുക്കി. ഈ ലോകകപ്പില്‍ ചെറിഷേവിന്‍റെ മൂന്നാം ഗോള്‍. ഇതോടെ ടോപ് സ്കോറര്‍മാരില്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി. ഞെട്ടല്‍ മാറും മുമ്പ് മൂന്ന് മിനുറ്റുകളുടെ ഇടവളയില്‍ ഈജിപ്തിന് സ്യൂബയുടെ വര അടുത്ത പ്രഹരം. ലോകകപ്പില്‍ സ്യൂബയുടെ രണ്ടാം ഗോളാണിത്.