മോസ്‌കോ: ലോകകപ്പിലെ അട്ടിമറി വിജയം സെനഗലിന് പുതുമയല്ല. ചാംപ്യൻമാരായി ലോകകപ്പിനെത്തിയ ഫ്രാൻസിനെ ഞെട്ടിച്ചായിരുന്നു 2002ൽ സെനഗലിന്‍റെ അരങ്ങേറ്റം. ഇന്നത്തെ പരിശീലകന്‍ അലിയോ സിസെ ആയിരുന്നു അന്ന് സെനഗലിന്‍റെ നായകന്‍.

അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഡെൻമാർക്കിനെതിരെ പിന്നിട്ടു നിന്നശേഷം സെനഗൽ ഒരു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. മൂന്നാം മത്സരത്തിലെ എതിരാളികൾ രണ്ടു തവണ ചാംപ്യൻമാരായ ഉറുഗ്വേയായിരുന്നു. ആദ്യ പകുതിയിൽ ഉറുഗ്വേയുടെ വലയിൽ വീണത് മൂന്ന് ഗോളുകൾ. കളി സമനിലയിലായെങ്കിലും രണ്ടാം സ്ഥാനക്കാരായി സെനഗൽ പ്രീ ക്വാർട്ടറിലെത്തി. 

ശക്തരായ സ്വീഡനെ ഷൂട്ടൗട്ടിൽ തകർത്ത് ക്വാർട്ടറിലെത്തിയ ശേഷമാണ് സെനഗലിന്‍റെ അട്ടിമറിപോരാട്ടത്തിന് വിരാമമായത്. പതിനാറു വർഷങ്ങൾക്കിപ്പുറം അന്നത്തെ സെനഗൽ നായകന്‍ അലിയോ സിസെ ടീമിന്‍റെ പരിശീലകനാണ്. കളിക്കാരനായെത്തി ചരിത്രം തിരുത്തിയ സിസെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോഴും സെനഗലിന് മാറ്റമില്ല. ലോകകപ്പില്‍ ആഫ്രിക്കൻ വീരന്മാർ 2002 ആവർത്തിക്കുകയാണ്.

ലോകകപ്പിലെ പ്രായം കുറഞ്ഞ പരിശീലകൻ കൂടിയാണ് അലിയോ സിസെ. ആഫ്രിക്കൻ പരിശീലകർ ഉണ്ടാകാത്തതാണ് വൻകരയിലെ ടീമുകൾക്ക് തിരിച്ചടിയാകുന്നതെന്നാണ് സിസെ പറയുന്നത്.