ഐസ്‌ലന്‍ഡ് ഗോള്‍മുഖത്ത് ചിലന്തിയായി ഹാല്‍ഡോര്‍സണ്‍
മോസ്കോ: ഐസ്ലന്ഡിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനാണ് ഹാന്നസ് ഹാല്ഡോര്സണ്. ക്യാമറ താല്ക്കാലികമായി നിലത്തുവെച്ച് അയാള് ഗ്ലൗസുമണിഞ്ഞ് ലോകകപ്പിനെത്തുമ്പോള് എതിരാളികള് ഇത്ര പ്രതീക്ഷിച്ചുകാണില്ല. ആദ്യ മത്സരത്തില് തന്നെ തന്റെ മാന്ത്രിക കൈകള് കൊണ്ട് അര്ജന്റീനയെ തടഞ്ഞുനിര്ത്തുകയായിരുന്നു ഈ സംവിധായകന്.
ഇനിമുതല് ഹാല്ഡോര്സണ് അറിയപ്പെടുക ഫുട്ബോളിന്റെ മിശിഹാ ലിയോണല് മെസിയെ വിറപ്പിച്ച വീര നായകനായാണ്. കഴിഞ്ഞ ലോകകപ്പില് മെക്സിക്കന് ബാറിനു കീഴെ പാറിപ്പറന്ന ഒച്ചാവോയെ ഓര്മ്മിപ്പിച്ച സേവുകള്. ഐസ്ലന്ഡ് ഗോള്മുഖത്ത് ചിലന്തിയായി ഹാല്ഡോര്സണ് കരുത്തരായ അര്ജന്റീയെ സമനിലയില് തളച്ചു. മെസയെ ബോക്സിന് അകത്ത് വീഴ്ത്തിയതിന് 66-ാം മിനിറ്റിലാണ് അര്ജന്റീനയ്ക്ക് പെനാല്റ്റി ലഭിച്ചത്. എന്നാല് മെസി തൊടുത്ത ഷോട്ട് ഐസ്ലാന്റ് ഗോള് കീപ്പര് വലത്തോട്ട് ചാടി തട്ടിയകറ്റി.
ഓരോ ഗോള് നേടി സമനില പാലിക്കുകയായിരുന്നു ഈ സമയം ടീമുകള്. മത്സരത്തില് അര്ജന്റീനന് താരങ്ങളുതിര്ത്ത അനവധി കനത്ത ഷോട്ടുകളാണ് ഹാല്ഡോര്സണ് എന്ന മഞ്ഞുമലയില് അസ്തമിച്ചത്. ലോകകപ്പ് അരങ്ങേറ്റത്തില് അര്ജന്റീനയെ ഐസ്ലന്ഡ് സമനിലയില് കുരുക്കിയപ്പോള് താരമായത് ഈ ചലച്ചിത്ര സംവിധായകനാണ്. ഐസ്ലന്ഡ് നിരയിലെ ഈ താരത്തെ വരുന്ന മത്സരങ്ങളില് എതിരാളികള് ഭയന്നെ മതിയാകൂ.
