ക്രിസ്മസ് റിലീസ് അനിശ്ചിതത്വത്തിലായതിനൊപ്പം നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്നാണ് മുന്നറിയിപ്പ്. പുലിമുരുകന്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമകള്‍ എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കാനാണ് നീക്കം. റിലീസില്ലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും തീരുമാനം. 

അതേ സമയം ഭീഷണിപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ തിയേറ്റര്‍ നിറഞ്ഞോടുന്ന സിനിമകള്‍ പിന്‍വലിക്കുന്നതിനോട് അതാത് സിനിമകളുടെ നിര്‍മ്മാതാക്കള്‍ വിയോജിക്കുമെന്നാണ് ഫെഡറേഷന്റെ കണക്ക് കൂട്ടല്‍.

തിയേറ്റര്‍ വിഹിത തര്‍ക്കം തീരാതെ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന നിലപാടില്‍ ഫെഡറേഷന്‍ ഉറച്ചുനില്‍ക്കുന്നു. 5 മലയാള ക്രിസ്മസ് ചിത്രങ്ങള്‍ പെട്ടിയിലാകുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ അന്യഭാഷാ  ചിത്രങ്ങള്‍ ഫെഡറേഷന്‍ റിലീസ് ചെയ്യും. ആമീര്‍ഖാന്റെ ദങ്കല്‍ വെള്ളിയാഴ്ച കേരളത്തിലും റിലീസ് ചെയ്യും.