ലണ്ടൻ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒരു കോടിയിലധികം രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്സാണ്ടർ ഒസ്കർ ഹോൾവേഴ്സൺ തന്റെ അമ്മയ്ക്ക് എഴുതിയ കത്താണ് 166,000 ഡോളറിന് ലേലത്തിൽ വിറ്റത്. കപ്പൽ ദുരന്തത്തിന്റെ അവശേഷിപ്പുകളിൽ ഏറ്റവും ഉയർന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്.

1912 ഏപ്രിൽ 13ന് എഴുതിയ കത്തിൽ രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചാണ് പറയുന്നത്. അക്കാലത്തെ ധനികനായ അമേരിക്കൻ വ്യാപാരി ജോൺ ജേക്കബ് ഓസ്റ്റർ അടക്കമുള്ള യാത്രികർക്കെപ്പമുള്ള അനുഭവങ്ങളും കത്തിൽ വിവരിക്കുന്നു. ബുധനാഴ്ച രാവിലെ ന്യൂയോർക്കിലെത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.
1912 ഏപ്രിൽ 14ന് മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് തകർന്നത്. കപ്പൽ ദുരന്തത്തിൽ 1500ൽ അധികം പേർ മരിച്ചിരുന്നു. ഹോഴ്സണിന്റെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കത്ത് കുടുംബാംഗങ്ങളായ ഹെൻട്രി അൽഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.
