കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സുപ്രീം കോടതി വിധിച്ച സാമ്പത്തിക സഹായം സമയബന്ധിതമായി വിതരണം ചെയ്യാന്‍ പുന:സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സെല്‍ ആദ്യ യോഗത്തില്‍ തീരുമാനമായി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം മൂന്ന് മാസത്തിനുള്ളില്‍ തന്നെ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

ഇതുവരെ ദുരിതബാധിതരായി കണ്ടെത്തിയിട്ടുള്ളത് 5848 പേരാണ്. മെഡിക്കല്‍ ക്യാമ്പ് നടത്തി പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ആനുകൂല്ല്യ പട്ടികയില്‍ ഉല്‍പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഫെബ്രവരി ആവസാനമോ മാര്‍ച്ച് ആദ്യ ആഴ്ച്ചയിലോ ആയിരിക്കും മെഡിക്കല്‍ ക്യാമ്പ് നടത്തുക.

നേരത്തെ അപേക്ഷ നല്‍കിയ 7000ത്തോളം പേര്‍ക്കായിരിക്കും ആദ്യ മെഡിക്കല്‍ ക്യാമ്പ് നടത്തുക. ഉപയോഗിക്കാത്ത എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ള ബാരലുകളുടെ കലാവധി കഴിയാറായ സാഹചര്യത്തില്‍ ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപെടുത്തിയിട്ടുണ്ട്.