സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയ കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതല്‍ 2016 ജനുവരി ഒന്നുവരെയുള്ള കാലയളവില്‍ പൊതുഖജനാവില്‍നിന്നുള്ള ഫണ്ട് ദുര്‍വിനിയോഗം സംബന്ധിച്ച് 488 കേസുകള്‍ കണ്ടെത്തിയതായി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുന്നതിനായി ഈ ലിസ്റ്റ് അവതരിപ്പിക്കുമെന്ന് നീതിന്യായ, ഔക്വാഫ് ആന്‍ഡ് ഇസ്ലാമിക കാര്യ മന്ത്രി യാക്കൂബ് അല്‍ സാനെ പറഞ്ഞു. പൊതുഫണ്ട് ദുര്‍വിനിയോഗം സംബന്ധിച്ച് പാര്‍ലമെന്റിലെ പബ്ലിക് ഫണ്ട്‌സ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് 2009ലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് പട്ടിക പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരേയാണ് ഫണ്ട് ദുര്‍വിനിയോഗത്തിനുള്ള കേസുകള്‍. ജല, വൈദ്യുതി മന്ത്രാലയത്തിനെതിരേയാണ് എറ്റവുമധികം ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 74 കേസുകള്‍. 27 കേസുകളുമായി ആരോഗ്യ മന്ത്രാലയമാണ് രണ്ടാം സ്ഥാനത്ത്. 15 സര്‍ക്കാര്‍ ബോഡികള്‍ക്കെതിരേ കേസുകളൊന്നുമില്ല. ധനമന്ത്രാലയം, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ്, യുവജനകാര്യ മന്ത്രാലയം തുടങ്ങിയവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകള്‍ ഇനിയും സമര്‍പ്പിക്കാത്ത 14 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്.