വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിയാദ്: സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാലും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാലും പിഴ ശിക്ഷ. 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴയൊടുക്കേണ്ടത്. എന്നാല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയ്‌ക്കൊപ്പം തടവും അനുഭവിക്കേണ്ടി വരും. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രധാന നഗരങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിനൊന്നു തരം ശിക്ഷകളാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് വിഭാഗം നല്‍കുന്നത്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. നൂറ്റിയമ്പത് മുതല്‍ മുന്നൂറു വരെ റിയാല്‍ പിഴ ഈടാക്കുകയാണ് ഈ കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ. 

പിടിക്കപ്പെടുന്നവര്‍ സാധാരണ രീതിയില്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്നതിനും, കോടതി വിധിക്കുമനുസരിച്ചു തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പൊതു സുരക്ഷാ വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പുബ്ലിക് റിലേഷന്‍സ് മേധാവി സാമി അല്‍ ശുവൈറി പറഞ്ഞു. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും കണ്ടെത്താന്‍ പ്രധാന നഗരങ്ങളില്‍ പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

താമസിയാതെ മറ്റു ഭാഗങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും. െ്രെഡവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് വാഹനാപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് പഠന റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് മൂലം അപകട മരണങ്ങളും, അപകടങ്ങളെ തുടര്‍ന്നുള്ള പരിക്കുകളും കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. പതിനൊന്നു തരം ശിക്ഷകളാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് വിഭാഗം നല്‍കുന്നത്. നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ വാഹനാപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ ട്രാഫിക് വിഭാഗം നിര്‍ദേശിക്കുന്നുണ്ട്.