ആശ്രിത വിസയില്‍ ഉള്ളവരുള്‍പ്പെടെ ആറു വയസ്സ് പൂര്‍ത്തിയായ എല്ലാ വിദേശികളും വിരലടയാളം നല്‍കല്‍ നിര്‍ബന്ധമാണെന്ന് മക്ക പാസ്‌പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു. എക്‌സിറ്റ്, റീ എന്‍ട്രി, ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തുടങ്ങി എല്ലാ ജവാസാത്ത് സേവനങ്ങളും വിരലടയാളം നല്കിയവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ആശ്രിത വിസയിലുള്ളവര്‍ക്ക് ജിദ്ദയില്‍ പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് വിരലടയാളമെടുക്കാന്‍ സൌകര്യമുള്ളത്. കന്ത്രയിലെ ജവാസാത്ത് ഓഫീസ്, തഹ്‍ലിയ മാള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ഉണ്ട്.

സൗദി മാതാവിന്റെ വിദേശികളായ മക്കള്‍ക്ക് ഹയ്യ രിഹാബിലുള്ള ജവാസാത്ത് ഓഫീസിലും വിരലടയാളം നല്കാം. 2014 നവംബര്‍ മുതലാണ് വിദേശികളായ സ്‌ത്രീകളുടെ വിരലടയാളം ശേഖരിക്കാന്‍ തുടങ്ങിയത്. 2015 ജനുവരി മുതല്‍ പതിനഞ്ച് വയസ്സ് മുതലുള്ള ആശ്രിത വിസയിലുള്ള എല്ലാ വിദേശികള്‍ക്കും ഇത് നിര്‍ബന്ധമാക്കി. ഈ വര്‍ഷം ജനുവരി മുതലാണ് ആറു വയസ് മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കിയത്. വിരലടയാളം ശേഖരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സൗകര്യം ഉണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ moi.gov.sa എന്ന വെബ്സൈറ്റിലെ Electronic inquiries എന്ന മെനുവില്‍ ക്ലിക്ക് ചെയ്തതിന് ശേഷം Passports എന്ന ഒപ്ഷനിലും തുടര്ന്ന് Public Query Finger print enrollmentഎന്നതിലും ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍ നല്‍കിയാല്‍ ഫിംഗര്‍പ്രിന്റ് നല്കിയതിന്റെ സ്റ്റാറ്റസ് അറിയാം.