ഗുവാഹത്തി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‍നയെ അപമാനിച്ചുവെന്നാരോപിച്ച് അസമീസ് ഗായകനായ  സുബീൻ ഗാർഗിനെതിരെ  കേസ്. വാട്സാപ്പിലൂടെ ഭാരതരത്‌ന പുരസ്‌കാരത്തെ മോശം വാക്കുകൾ ഉപയോഗിച്ച് ഗാർഗ്  അപമാനിച്ചുവെന്നാണ് കേസ്. അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിജെപി നേതാവ് സത്യ രഞ്ജൻ ബോർഹിന്റെ പരാതിയിലാണ് നടപടി. തനിക്ക് സുബീൻ ഗാർഗുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും എന്നാൽ ദേശീയ പുരസ്കാരത്തോട് അനാദരവ് പ്രകടിപ്പിച്ചത് ശരിയായില്ലെന്നും ബോർഹ് പരാതിയിൽ പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുബീന്‍ രംഗത്തെത്തിയിരുന്നു. 2016ൽ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതിന് തനിക്കു നല്‍കിയ പ്രതിഫലം തിരികെ നല്‍കാമെന്നും ഗാര്‍ഗ് പറഞ്ഞിരുന്നു. പകരം തന്റെ പാട്ടുകളില്‍ നിന്ന് ബിജെപി നേടിയ വോട്ടുകള്‍ തിരികെ നല്‍കണമെന്നും ഗാർഗ് ആവശ്യപ്പെട്ടു.

2016ലെ തെരഞ്ഞെടുപ്പിൽ ഗാർഗ് ബിജെപിക്കായി പാടിയിരുന്നു. പിന്നീട് പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഗാർഗിനെ ബിജെപിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.