വയറിംഗില്‍നിന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. തീ പടര്‍ന്നതോടെ 100 ഓളം പേര്‍ ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയി


മുംബൈ: സൗത്ത് മുംബൈയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.എഴുപതുവയസ്സുകാരിയായ ലക്ഷ്മി ഭായ് കോലയാണ് അഗ്നിബാധയില്‍ മരിച്ചത്. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതിന് ശേഷം ചികിത്സ പുരോഗമിക്കവെയാണ് ഇവരുടെ മരണം. ഞായറാഴ്ച പുലര്‍ച്ചയൊണ് തീ പടര്‍ന്നത്. 18 നില കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്നു. 

വയറിംഗില്‍നിന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. തീ പടര്‍ന്നതോടെ 100 ഓളം പേര്‍ ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയി. ഗോവണി വഴി 50 ഓളം പേരെ പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെത്തിച്ചു. ചിലരെ പ്രത്യേക സംവിധാനങ്ങളിലൂടെയാണ് രക്ഷപ്പെടുത്തിയത്. 

77 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും ബാക്കി 17 പേര്‍ ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ ആറ് മണിയോടെ തീയണയ്ക്കാനായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കരാണമെന്നാണ് പ്രാഥമിക നിഗമനം.