മത്സ്യബന്ധന മേഖലയും ഹര്‍ത്താലിനോട് നോ പറയുന്നു. ഈ വര്‍ഷം ഹര്‍ത്താല്‍ മൂലം മേഖലയ്ക്ക് ആകെയുണ്ടായ നഷ്ടം 110 കോടി രൂപയാണ്.
കൊല്ലം: ഹര്‍ത്താലിനെതിരെ പൊതു വികാരം ശക്തമാകുന്നു. മത്സ്യബന്ധന മേഖലയും ഹര്‍ത്താലിനോട് 'നോ' പറയുന്നു. ഈ വര്‍ഷം ഹര്‍ത്താല്‍ മൂലം മേഖലയ്ക്ക് ആകെയുണ്ടായ നഷ്ടം 110 കോടി രൂപയാണ്. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ ഉടൻ അണിചേരുമെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി.

ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയും അനുബന്ധ മേഖലകളും ഹര്‍ത്താലിനെ പടിക്ക് പുറത്താക്കുകയാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഒരു ബോട്ടിന് മാത്രം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപയുടെ വരെ നഷ്ടമാണ് ഉണ്ടാകുന്നത്. മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും കച്ചവടക്കാരെയും ഐസ് നിര്‍മ്മാണ മേഖലേയും പീലിംഗ് തൊഴിലാളികളെയും ഒരു പോലെ ഹര്‍ത്താല്‍ ബാധിക്കുന്നു. ശരാശരി ആയിരം രൂപയാണ് ഒരു കുട്ട മത്സ്യത്തിന് ലഭിക്കുന്നതെങ്കില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ അത് 400 ല്‍ താഴെയാകും.
സ്ത്രീത്തൊഴിലാളികളാണ് പീലിംഗ് മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഒരു കുട്ട ചെമ്മീൻ പീലിംഗ് ചെയ്ത് കഴിയുമ്പോള്‍ സാധാരണ ആയിരം രൂപയാണ് ലഭിക്കുന്നതെങ്കില്‍ ഹര്‍ത്താലില്‍ അത് 200 ആകും. സംസ്ഥാനത്താകെ 50000 കിലോ ചെമ്മീനാണ് പീലിംഗ് നടത്തുന്നത്. ഹര്‍ത്താല്‍ ദിനം 10000ത്തില്‍ താഴെയായി കുറയും. വ്യാപരി വ്യവസായി - മോട്ടാര്‍ വാഹന യൂണിയനുകള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മത്സ്യബന്ധ മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ കാര്യമായ ലാഭം ഉണ്ടാക്കാൻ സാധിക്കും എന്നാണ് അസോസിയേഷനുകളുടെ വിലയിരുത്തല്‍.
