തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത കായല്‍ മീനുകള്‍ വംശനാശത്തിലേക്കെന്ന് പഠനറിപ്പോര്‍ട്ട്. കേരളത്തിലെ കായലുകളില്‍ നിന്നും പൂമീനും, കാരിയും, കണമ്പുമെല്ലാം അപ്രത്യക്ഷമാകുന്നു. കായലിലെ മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നെന്ന് അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ കേന്ദ്രവും, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അശാസ്ത്രീയ മത്സ്യബന്ധനവും മണലെടുപ്പുമാണ് മീന്‍ ലഭ്യത നാലിലൊന്നായി കുറയാന്‍ കാരണം.
കേരളത്തിലെ കായലുകളില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 4ലക്ഷം ടണ്‍ മത്സ്യങ്ങളാണ് കിട്ടിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കിട്ടുന്നത് വെറും ഒരു ലക്ഷം മാത്രമാണ്. കയറ്റുമതി ചെയ്യുന്ന പൂമീനും കാരിയും കണമ്പും തിരുതയുമെല്ലാം കായലുകളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിത്തുടങ്ങി. നൂറിലേറേ വ്യത്യസ്ഥ ഇനം മീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 63 ഇനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. അശാസ്ത്രീയ മത്സ്യബന്ധനവും മണല്‍ വാരലും കായലില്‍ മത്സ്യങ്ങളുടെ പ്രജനനത്തിന് തിരിച്ചടിയാവുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മീനുകളുടെ വംശനാശം മാത്രമല്ല, കായലുകളുടെ മരണമണിയാണ് ഇതോടൊപ്പം മുഴങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
