എറണാകുളം കണ്ടനാടുള്ള യോഗ സെന്ററിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ച് പ്രതികള്‍ ഒളിവില്‍. കണ്ണൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മിശ്ര വിവാഹിതയായ യുവതിയെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ യോഗാ സെന്ററില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണൂര്‍ സ്വദേശിനിയായ ശ്വേതാ ഹരിദാസ് നല്‍കിയ പരാതിയില്‍ കണ്ടനാടുള്ള ശിവശക്തി യോഗാ സെന്ററിന്റെ നടത്തിപ്പുകാരനായ മനോജടക്കം ആറുപേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. കേസെടുത്തതിന് പിന്നാലെ മനോജടക്കം അഞ്ച് പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മനോജ് അടക്കമുള്ള പ്രതികള്‍ അടുത്ത ദിവസം തന്നെ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിപ്പിക്കുമെന്നാണ് വിവരം.
കേസിലെ ആറാം പ്രതി ശ്രീജേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്തു. യോഗാ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉദയംപേരൂര്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതനുസരിച്ച് ഇവിടെയുണ്ടായിരുന്ന അന്തേവാസികളെ പറഞ്ഞയച്ചു. ബന്ധുക്കളെത്താന്‍ താമസമുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതിനിടെ യോഗാ സെന്ററിനെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ 10നകം അന്വേഷണ പുരോഗതി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവായ റിന്റോയ്‌ക്കൊപ്പം ശ്വേതക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു.
