കൊച്ചി: ഈ ഓണക്കാലത്തും പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികൾ. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓണക്കാലത്ത് അഞ്ചിരട്ടിയോളമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് നിന്ന് വരുന്ന വ്യാഴാഴ്ച ദുബായിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സിൽ കൊടുക്കേണ്ടത് 9753 രൂപ. പക്ഷെ ഓണം ആഘോഷിച്ച് സെപ്റ്റബർ ഒന്നിന് ഇതേ വിമാനത്തിൽ മടങ്ങണമെങ്കിൽ കൊടുക്കേണ്ടത് 34,608 രൂപയാകും.

ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് എയർ അറേബ്യയുടെ നിരക്ക് 15,478 രൂപ, സെപ്റ്റംബർ ഒന്നിന് 81,986 രൂപ. ഉത്സവ സീസണും ഗൾഫിലെ അവധിക്കാലവുമെല്ലാം മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ.

എല്ലാ ഓണക്കാലത്തും വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ സംസ്ഥാന സർക്കാർ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനു് വിമാനകമ്പനികൾക്കും കത്തയക്കാറുണ്ട്. പക്ഷെ ഒരു ഫലവും ഇതുകൊണ്ടില്ലെന്ന് കാണിക്കുന്നതാണ് ഇത്തവണത്തെയും വൻനിരക്ക്.