Asianet News MalayalamAsianet News Malayalam

ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസം; ഭക്ഷണത്തിന് മാത്രം ചെലവ് 1.17 കോടി രൂപ, കണക്കുകള്‍ പുറത്ത്

2017 ജൂണ്‍ 15ന് ആറ് കോടി രൂപ ആശുപത്രിയില്‍ അടച്ചതായി എഐഎഡിഎംകെ അവകാശപ്പെടുന്നുണ്ട്. 2016 ഒക്ടോബര്‍ 13 ന് 41 ലക്ഷം രൂപ അടച്ചിരുന്നുവെന്നും  നികുതി പണമല്ല, പാര്‍ട്ടിയുടെ പണമാണ് ഉപയോഗിച്ചതെന്നും എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നു. 

food bill for jayalalithaa is 1.17 crore in apollo hospital
Author
Chennai, First Published Dec 18, 2018, 10:28 PM IST

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി  ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി  വാസത്തില്‍ അപ്പോളോ ആശുപത്രിയില്‍ ഭക്ഷണത്തിന് മാത്രം ചെലവായത് 1.17 കോടി രൂപ. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന കമ്മീഷന് മുന്നില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6,85,69,584 രൂപയാണ് ജയലളിതയുടെ ചികിത്സയ്ക്ക് ആകെ  ചെലവായത്. 

2016 സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് ജയലളിത മരിച്ചു. 2017 ജൂണ്‍ 15ന് ആറ് കോടി രൂപ ആശുപത്രിയില്‍ അടച്ചതായി എഐഎഡിഎംകെ അവകാശപ്പെടുന്നുണ്ട്. 2016 ഒക്ടോബര്‍ 13 ന് 41 ലക്ഷം രൂപ അടച്ചിരുന്നുവെന്നും നികുതി പണമല്ല, പാര്‍ട്ടിയുടെ പണമാണ് ഉപയോഗിച്ചതെന്നും എഐഎഡിഎംകെ വ്യക്തമാക്കുന്നു. 

71 ലക്ഷം രൂപയാണ് ആശുപത്രിയിലെ പരിശോധനാ ചെലവ്. 1.92 കോടി രൂപ ഹെല്‍ത്ത് സര്‍വ്വീസിനും 38 ലക്ഷം രൂപ മരുന്നുകള്‍ക്കുമായി ഈടാക്കിയിട്ടുണ്ട്. 92 ലക്ഷം രൂപയാണ് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിയുടെ ചാര്‍ജ്. 12 ലക്ഷം രൂപ ഫിസിയോ തെറാപ്പിയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയുടെ ചെലവിലേക്കും ഈടാക്കിയിട്ടുണ്ട്.  മുറിവാടക മാത്രമായി 1.24 കോടി രൂപയായി. വി കെ ശശികലയും ബന്ധുക്കളും 75 ദിവസവും ആശുപത്രിയില്‍ ജയലളിതയ്ക്കൊപ്പമാണ് ഉണ്ടായിരുന്നത്. 

അതേസമയം അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ എങ്ങനെ ചോര്‍ന്നുവെന്നാണ് സംഭവത്തോട് അപ്പോളോ ആശുപത്രി അധികൃതര്‍ പ്രതികരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കമ്മീഷനും അപ്പോളോ ആശുപത്രിയ്ക്കും മാത്രമാണ് ഈ രേഖകളെ കുറിച്ച് അറിയാമായിരുന്നത്. ഇത് കമ്മീഷന്‍റെ ഓഫീസിലാണ് നല്‍കിയത്. ഈ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് അമ്പരപ്പിക്കുന്നുവെന്നും അപ്പോളോ അധികൃതര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios