സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഭക്ഷണത്തിൽ വിഷം കലർത്തുന്നതിലേക്ക് നയിച്ചതെന്ന് പൊലിസ് വെളിപ്പെടുത്തുന്നു.
കർണാടക: കർണാടകത്തിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലുണ്ടായ ഭക്ഷ്യവിഷബാധ തക്കാളിച്ചോറിൽ നിന്നാണെന്ന് സംശയം. സംഭവത്തിൽ 12 പേർ മരിച്ചു. എൺപത് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
പ്രസാദാവശിഷ്ടങ്ങൾ കഴിച്ച കാക്കകളും ചത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഭക്ഷണത്തിൽ വിഷം കലർത്തുന്നതിലേക്ക് നയിച്ചതെന്ന് പൊലിസ് വെളിപ്പെടുത്തുന്നു. വിഷബാധയേറ്റവരിൽ ചിലർ വെന്റിലേറ്ററിലാണ്. മൈസൂരിലെ സ്വകാര്യ-സർക്കാർ ആശുപത്രികളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
91 പേരെ ചാമരാജനഗറിലെ ആശുപത്രിയിൽ നിന്നും മൈസൂരുവിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിന്റെ കല്ലിടൽ ചടങ്ങിനോട് അനുബന്ധിച്ചാണ് പ്രസാദം വിതരണം ചെയ്തത്. കീടനാശിനിയാണ് ഭക്ഷണത്തിൽ കലർന്നിരിക്കുന്നതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഭക്ഷണത്തിൽ വിഷം കലർന്നത് എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
