ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഇറ്റലിയെ പരാജയപ്പെടുത്തിയത്

അലിയന്‍സ് റിവേറ: ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഫ്രാന്‍സ്. അത്രമേല്‍ സുസജ്ജമാണ് ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന ഫ്രഞ്ച് പട. ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ഫ്രാൻസ് വരവറിയിച്ചു.

ഫ്രാന്‍സിലെ അലിയൻസ് റിവീറയിൽ നടന്ന മത്സരത്തിൽ ആദ്യം തന്നെ ഫ്രാന്‍സ് കരുത്തുകാട്ടി. എട്ടാം മിനുട്ടിൽ സാമുവൽ ഉംറ്റിറ്റിയാണ് ഫ്രാന്‍സലിന് വേണ്ടി വലകുലുക്കിയത്. ഇരുപത്തി ഒമ്പതാം മിനുട്ടിൽ സൂപ്പര്‍ താരം ഗ്രീസ്മാനായിരുന്നു അസൂറിപ്പടയുടെ ഹൃദയം തകര്‍ത്ത രണ്ടാം ഗോള്‍ നേടിയത്. ലൂക്കാസ് ഹെർണാണ്ടസിനെ റൊളണ്ട് മൻഡ്രഗൊറ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഗ്രീസ്മാന്‍ വലയിലാക്കുകയായിരുന്നു.

ഏഴ് മിനിട്ടുകള്‍ക്കിപ്പുറം ഇറ്റാലിയന്‍ നായകന്‍ ലിയനാർഡോ ബനൂച്ചി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. അറുപത്തിമൂന്നാം മിനുട്ടിൽ പെനാൽട്ടി ബോക്സിന്റെ ഇടത് മൂലയിൽ നിന്നും ബാഴ്സലോണയുടെ മിന്നുംതാരം ഒസ്മാൻ ഡെംബലെ വലകുലുക്കിയതോടെ ഫ്രാന്‍സ് വിജയകാഹളം മുഴക്കി. മത്സരത്തിലുടനീളം ഡെംബലെ മികച്ച പ്രകടനമാണ് നടത്തിയത്. ഡെംബലും ഗ്രീസ്മാനും പോഗ്ബയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഈ ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമെന്നാണ് ആരാധകരുടെ പക്ഷം. അതേസമയം മറ്റൊരു സൗഹൃദ മത്സരത്തില്‍ ഉത്തരകൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്നിയ പരാജയപ്പെടുത്തി.