ഗുവാഹത്തി ഖാനാപാറയിലെ വെറ്റിനറി കോളേജ് മൈതാനത്ത് പ്രത്യേക തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.. അസമില്‍ ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹിമന്ത ബിശ്വാസ് ശര്‍മ്മയും അസം ഗണപരിഷത്ത് അദ്ധ്യക്ഷന്‍ അതുല്‍ ബോറയും ഉള്‍പ്പെടെ പത്ത് എംഎല്‍എമാരും സോനാവാളിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അസമീസ്, ബംഗാളി, ബോഡോ ഭാഷകളിലാണ് മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ വലിയ പടയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവരും സോനോവാള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കെത്തി. വേദിയില്‍ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. അസമിന്‍റെ വികസനത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സോനോവാളിന് സാധിക്കുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അംഗ നിയമസഭയില്‍ 86 സീറ്റ് നേടിയാണ് ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി അസമില്‍ ആദ്യമായി അധികാരത്തിലെത്തിയത്.