തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിന് ശേഷം ജനുവരി 31 ന് ആകാശത്ത് വിസ്മയം സൃഷ്ടിച്ച് കടന്നെത്തുന്ന ചാന്ദ്രഗ്രഹണത്തിനായി ശാസ്ത്രലോകം കാത്തിരിക്കുന്നു. പൂര്‍ണ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണ്‍, ബ്ലൂ മുണ്‍ പ്രതിഭാസങ്ങളും അന്ന് ഒരുമിച്ചെത്തും. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ വരുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ബ്ലൂമൂണ്‍. സൂര്യ പ്രകാശത്തെ ഭൂമി പൂര്‍ണമായി മറച്ച് ചന്ദ്രനില്‍ ഇരുട്ട് വീഴ്ത്തുന്ന ചന്ദ്ര ഗ്രഹണം. വെറും ചന്ദ്രഗ്രഹണം മാത്രമല്ല ജനുവരി 31ന്. ഗ്രഹണത്തിന്റ മറ നീങ്ങി മണിക്കൂറുകള്‍ക്കം പുറത്തുവരുന്ന ചന്ദ്രനെ കൂടുതല്‍ വ്യക്തമായി കാണാം. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സൂപ്പര്‍മൂണ്‍ ദിവസം. മാസത്തിലെ രണ്ടാമത്തെ പൗര്‍ണ്ണമി ദിവസമായ ബ്ലൂമൂണും അന്ന് തന്നെ.
മൂന്നും ഒരുമിച്ച് വന്നത് കണ്ടവരാരും ഇന്ന് ഭൂമിയില്ല. അവസാനമായി ഈ പ്രതിഭാസം ഉണ്ടായത് 1866 മാര്‍ച്ച് 31ന്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗ്രഹണത്തോടെയാണ് ചന്ദ്രോദയം. അതിനാല്‍ ചുവന്ന ചന്ദ്രനെ കാണണമെങ്കില്‍ രാത്രി ഏഴരയെങ്കിലുമാകും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ചന്ദ്രനെ കാണാം. തിരുവനന്തപുരം പ്ലാനറ്റേറിയം അടക്കമുള്ള സ്ഥലങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 152 വര്‍ഷങ്ങള്‍ക്ക് ശേഷമുളള അപൂര്‍വ്വ പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
