കല്യാണ ദിവസം ആനപ്പുറത്തെത്തിയ വധുവും വരനും നിയമക്കുരുക്കിലേക്ക്. കോഴിക്കോട് കരുവിശ്ശേരിയിലാണ് കല്യാണം വ്യത്യസ്ഥമാക്കാന്‍ വധൂവരന്മാര്‍ ആനപ്പുറത്തെത്തിയത്. സംഭവം സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായതോടെ വിഷയം ശ്രദ്ധയില്‍ പെട്ട വനം വകുപ്പ് ആനയെ ഉപയോഗിച്ചതിനെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ്.
കല്യാണം വ്യത്യസ്ഥമാക്കാന്‍ പല വഴികളും തേടുന്നവരാണ് യുവാക്കള്‍. ചടങ്ങ് കൊഴുപ്പിക്കാന്‍ ചെണ്ട മേളവും ഘോഷയാത്രയുമെല്ലാമായി സുഹൃത്തുക്കളും ഒപ്പമുണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കരുവിശ്ശേരിയില്‍ നടന്ന കല്യാണം വ്യത്യസ്ഥമാക്കാനെത്തിയത് സാക്ഷാല്‍ ഗജവീരന്‍ തന്നെ. ആനപ്പുരത്തിരുന്ന് വധുവും വരനും ഗംഭീര നൃത്തവും തുടങ്ങി. കരുവിശ്ശേരി കൈലാസത്തില്‍ രജീന്ദ്രന്റെ മകന്‍ ദീപകിന്റെ കല്യാണം നാട്ടുകാര്‍ക്കും കൗതുകമായി. സംഭവം സോഷ്യല്‍ മീഡിയയിലും തരംഗമായതോടെയാണ് വനം വകുപ്പിന്റെ ശ്രദ്ധയിലെത്തിയത്. ആഡംബരങ്ങള്‍ക്കായി വന്യ ജീവികളെ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും കേസ് എടുക്കുമെന്നും സെക്ഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. വന്യ മൃഗങ്ങളെ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സംഭവം എവിടെയാണെന്ന് അന്വേഷിക്കുമെന്നും വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. എന്തായാലും കല്യാണം വ്യത്യസ്ഥമാക്കാനൊരുങ്ങിയ വധൂവരന്മാരിപ്പോള്‍ നിയമ കുരുക്കിലായിരിക്കുകയാണ്.
