ഡോളറില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ശ്രീഹരി രതിനസ്വാമി എന്നയാളുടെ തമിഴ്നാട്ടിലുള്ള ഇവന്‍ ഫൊറക്‌സ്, ഇ.എഫ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങളില്‍ കേരള സൈബര്‍ പൊലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ.എഫ് ബിസിനസ് സൊല്യൂഷന്‍സ് എന്ന ബംഗളുരു കോറമംഗലയിലുള്ള ശ്രീഹരിയുടെ ഓഫീസിലും റെയ്ഡ് നടന്നത്. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, മോഡം, നിരവധി ഫയലുകള്‍ തുടങ്ങിയവ പിടിച്ചെടുത്ത്, പൊലീസ് ഓഫീസ് സീല്‍ ചെയ്തു. വിദേശനാണ്യങ്ങളില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയിലധികം ശ്രീഹരി തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആളുകളെ വലയില്‍ വീഴ്ത്തുന്ന ശ്രീഹരിയും സംഘവും ഇവര്‍ തന്നെ വികസിപ്പിച്ച സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ഡോളര്‍ വിനിമയത്തിന്റെ കാര്യത്തില്‍ ആള്‍ക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള ശ്രീഹരിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.