റിയാദ്: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പില്‍ സിവില്‍ കേസ് ഒഴിവാക്കി പ്രശ്നം തീര്‍പ്പാക്കാന്‍ ജാസ് ടൂറിസം ഉടമയുടെ തിരക്കിട്ട നീക്കം. പലിശയ്ക്ക് പണം നല്‍കിയതിനാല്‍ വ്യക്തമായ രേഖകള്‍ കൈയ്യിലാത്തതാണ് സിവില്‍കേസുമായി കോടതിയെ സമീപിക്കുന്നതില്‍ നിന്നും അറബിയെ പിന്തിരിപ്പിക്കുന്നത്.

സ്വന്തംപേരില്‍ ലോണെടുത്ത് ബിനോയ് കോടിയേരിക്ക് പലിശയ്ക്ക് നല്‍കിയതാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയെ വെട്ടിലാക്കിയത്. ജാസ് ടൂറിസം പാര്‍ടണറായ രാഹുല്‍കൃഷ്ണ വഴിയാണ് ബിനോയ്ക്ക് പലതവണയായി 35ലക്ഷം ദിര്‍ഹം വായ്പ നല്‍കിയത്. അടവു മുടങ്ങിയതോടെ 2014ല്‍ ക്രിമിനല്‍ കേസുനല്‍കി. അറുപതിനായിരം ദിര്‍ഹം പിഴ അടച്ച് ബിനോയി ക്രിമിനല്‍ കേസില്‍ നിന്നും ഒഴിവായി. 

ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍രേഖകളും കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചെങ്കില്‍ മാത്രമെ പരാതിക്കാരന് സിവില്‍കേസ് നല്‍കാന്‍ കഴിയുള്ളൂ. മാത്രമല്ല വസ്തുതകള്‍ സംശയാതീതമായി തെളിയിക്കുകൂടി വേണം..എന്നാല്‍ പലിശയ്ക്ക് പണം നല്‍കിയതിനാല്‍ ബിനോയുടെ പേരിലുള്ള ചെക്ക് മാത്രമെ ഹസന്‍ ഇസ്മായില്‍ അബ്ദുള്ളയുടെ പക്കലുള്ളൂ. അതുകൊണ്ടാണ് സിവില്‍കേസ് നല്‍കാതെ ഒത്തുതീര്‍പ്പിലൂടെ കാശ് മടക്കി വാങ്ങാന്‍ യുഎഇ പൗരനെ നിര്‍ബന്ധിതനാക്കുന്നത്.

പ്രശ്നപരിഹാരത്തിനായി നിരവധിതണ യുഎഇയില്‍ കോടിയേരി ബാലകൃഷ്ണനുമായി അടുപ്പമുള്ളവരെ ഹസന്‍ ഇസ്മായില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും മുടങ്ങി. യാത്രാ വിലക്കുള്ളതിനാല്‍ യുഎഇ പൗരന് ബിനോയിയെ പരിചയപ്പെടുത്തിയ രാഹുല്‍ കൃഷ്ണയ്ക്ക് യുഎഇയില്‍ വരാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി ഡല്‍ഹിയിലേക്ക് വന്ന് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്.