വിദേശ മദ്യത്തിലെ ശരിക്കും വിദേശി കേരളത്തിലെത്താന്‍ വൈകും

തിരുവനന്തപുരം: വിദേശ നിര്‍മ്മിത വിദേശമദ്യം കേരള വിപണിയിലെത്തുന്നത് വൈകുന്നു. രജിസ്ട്രേഷൻ നിരക്ക് കുറക്കണമെന്ന വിതരണക്കാരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവിലെ നിരക്കില്‍ രജിസ്ട്രേഷനെടുത്താല്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് മദ്യവിതരണ കമ്പനികളുടെ നിലപാട്.

ബിവറേജസ് കോര്‍പ്പറേശന്‍റെ മദ്യശാലകള്‍ വഴി വിദേശ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യാന്‍ 17 കമ്പനികളാണ് കരാറിലെത്തിയത്. 228 ബ്രാന്‍റുകളാണ് വില്‍പ്പനക്ക് തയ്യാറായിരിക്കുന്നത്. ജൂലൈ രണ്ടിന് വില്‍പ്പന തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. 

എക്സൈസ് രജിസ്ട്രേഷനാണ് ബാക്കിയുള്ളത്. ലേബല്‍ രജിസ്ട്രേഷനും ബ്രാന്‍റ് രജിസ്ട്രേഷനും നടത്തണം.ഒരു ലേബലിന് 25000രൂപയാണ് നിരക്ക്. പേര്, ലോഗോ, വില, നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നിവയടക്കം ഒരു ബ്രാന്‍റിന് മൂന്നു ലേബല്‍ വേണം.

ബ്രാന്‍റ് രജിസ്ട്രേഷന് 50000 രൂപയും നല്‍കണം. ഫുള്‍ ബോട്ടിലും പൈന്‍റും വിപണിയിലെത്തിക്കാന്‍ ഒരു ബ്രാന്‍റിന് രണ്ട് ലക്ഷം രൂപയാകും. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 20000 രൂപ മാത്രമാണ് രജിസ്ട്രേഷന്‍ നിരക്ക്.

അയല്‍ സംസ്ഥാനങങളിലെ നിരക്കുമായി താരതമ്യം ചെയ്ത് എക്സൈസ് വകുപ്പ് ഈയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ തീരുമാനം വന്നതിനു ശേശമേ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങുകയുള്ളൂ. അതായത് വിദേശനിര്‍മ്മിത വിദേശമദ്യം കേരള വിപണിയിലെത്താന്‍ ആഴ്ചകളെടുക്കുമെന്നുറപ്പ്.