കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 2015ല്‍ സ്മരണിക പുറത്തിറക്കാനായി അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. 2000, 5000, 10,000 എന്നിങ്ങനെ രസീതുകള്‍ നിര്‍മ്മിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഡീലര്‍മാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും പണം പിരിച്ചു. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേരളത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി പതിനഞ്ച് കോടി രൂപ പിരിച്ചെടുതതെന്നാണ് തൃശൂര്‍ സ്വദേശി ജോണ്‍സണ്‍ പടമാടന്‍ വിജിലന്‍സിന് നല്‍കിയ പരാതി. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പത്ത് ലക്ഷം രൂപയിലധികം ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തതായി കണ്ടെത്തി. 

കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോ. ഓഫീസ് ഭാരവാഹികളായ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി . തിരുവനന്തപുരം ആര്‍ടിഒ ഓഫീസ് ജീവനക്കാരനും മുന്‍ കൊല്ലം എംവിഐയും ആയിരുന്ന ശരത് ചന്ദ്രന്‍, മട്ടാഞ്ചേരി സബ് ആര്‍ടിഒ ജെബി ഐ ചെറിയാന്‍, തൃശൂര്‍ എംവിഐ ആയിരുന്ന ഇപ്പോള്‍ പാലക്കാട് ആര്‍ടിഒ ഓഫീസ് ജീവനക്കാരനായ പിപി രാജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ നടപടിക്ക് ശുപാര്‍ശയുള്ള മുന്‍ വയനാട് ആര്‍ടിഒ പി എ സത്യന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. അനധികൃത പണപ്പിരിവ് അനുവദിച്ചെന്നതിന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.