ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

First Published 12, Apr 2018, 6:21 PM IST
four police suspended in varappuzha sreejith custody death
Highlights
  • ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം
  • സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ  പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത്  മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സിവില്‍ പൊലീസ് ഒാഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

കേസില്‍ പ്രത്യേക അന്വേഷണ സംഘം, സി.ഐയും എസ്.ഐയുമടക്കം  അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ  കൂടി  നടപടിക്ക് ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് സസ്പെന്‍റഷന്‍.അറസ്റ്റിലുള്ള പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്  വീഴ്ച പറ്റിയെന്ന് പ്രത്യേക സംഘം ‍ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

വരാപ്പുഴയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് മാത്രമല്ല അറസ്റ്റ് രേഖപ്പെടുത്തിയ സിഐയ്ക്കും എസ്.ഐയ്ക്കും  ഗുരുതര വീഴ്ച പറ്റിയെന്നാണ് പ്രഥമിക റിപ്പോർട്ട്. വരാപ്പുഴ സ്റ്റേഷൻ ചുമതലയുണ്ടായിരുന്നു പറവൂർ സിഐ ക്രിസ്പിൻ  സാം, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് എന്നിവർക്കെതിരയാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. കസ്റ്റഡിയിലെടുക്കുന്ന ഒരു പ്രതിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സിഐയും എസ്ഐയുമാണ്. ഇക്കാര്യത്തിൽ ഇരുവരും കുറ്റകരമായ വീഴ്ചവരുത്തി. മാത്രമല്ല ജിഡി ചുമതലയിലുണ്ടായിരുന്നു വരാപ്പുഴ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയും റിപ്പോർട്ടിൽ പരമാർശമുണ്ട്. 

രാവിലെ പ്രത്യേക സംഘം വരാപ്പുഴ ദേവസ്വം പാടത്തെ ശ്രീജിത്തിന്‍റെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് നേരത്തെ ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീട്ടിലും പൊലീസ് സ്റ്റേഷനിലും സംഘം തെളിവെടുപ്പ് നടത്തി.ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അസുഖമുള്ള ഒരു പ്രതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടികളിലും പൊലീസിന് വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേസമയം കസ്റ്റഡിമരണത്തിൽ രണ്ട് ദിവസം മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കി.

വരാപ്പുഴ സംഭവത്തിൽ ആലുവ റൂറൽ എസ്.പി അടക്കമുള്ളവർക്കെതിരെയുള്ള ലോകായുക്തയിൽ പരാതിയെത്തി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയ്ർ‍മാനും വരാപ്പുഴ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി.

loader