നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി മധ്യപ്രദേശിലെ സത്ന ജില്ലയിൽ
മധ്യപ്രദേശ്: മധ്യപ്രേദേശിലെ സത്ന ജില്ലയിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ മഹേന്ദ്രസിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുവയസ്സുകാരി പിച്ചിച്ചീന്തിയ അവസ്ഥയിലാണ് കാണപ്പെട്ടതെന്ന് പോലീസ് പറയുന്നു. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ മഹേന്ദ്രസിംഗ് തട്ടിയെടുക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കുട്ടി മരിച്ചെന്ന് കരുതി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. സത്ന ജില്ലയിലെ ഉച്ചേഹര പൊലീസ് സ്റ്റേഷന് സമീപത്തായിട്ടാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ കാണാതെ വന്നപ്പോൾ മാതാപിതാക്കളും പ്രദേശവാസികളും അന്വേഷിച്ചിറങ്ങി. അപ്പോഴാണ് പെൺകുട്ടിയെ വളരെ ഗുരുതമായ അവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രതിയായ മഹേന്ദ്ര സിംഗിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് മാൻസോർ ജില്ലയിൽ ഏഴുവയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ആ പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ഗുരുതരമായ മുറിവുകളാണ് ഏഴുവയസ്സുകാരിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഏഴുവയസ്സുകാരിയെ കണ്ടെത്തുന്നത്.
