വീട് വി‍ട്ടിറങ്ങിയ പെൺകുട്ടിക്ക് തിരികെ എത്താൻ വഴി അറിയില്ലായിരുന്നു അഞ്ച് പേർ ഒരേ ദിവസം ലൈം​ഗികമായി പീഡിപ്പിച്ചു

മധ്യപ്രദേശ്: കൂട്ടബലാത്സം​ഗത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പതിനാല് വയസ്സുകാരി രണ്ടു തവണ കൂട്ടബലാത്സം​ഗത്തിനിരയായത്. അഞ്ചു പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ ആറാം തീയതി വീട് വിട്ടിറങ്ങിയതായിരുന്നു പെൺകുട്ടി. എന്നാൽ തിരികെ വീട്ടിലെത്താനുള്ള വഴി അറിയില്ലായിരുന്നു.. പെൺകുട്ടിയെ കാണാതായതിന്റെ പിറ്റേന്ന് വീട്ടുകാർ കുന്തിപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മഹുവ തോല എന്ന പ്രദേശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന പെൺകുട്ടിയെ കാണാതായി രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് കണ്ടെത്തുന്നത്. 

മോഹിത് ഭരദ്വാജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവ് തന്നെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി രാഹുൽ ഭോണ്ഡെ എന്ന സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വച്ച് അവർ ഇരുവരും തന്നെ ബലാത്സം​ഗം ചെയ്തുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പിറ്റേ ദിവസം ഇവർ പെൺകുട്ടിയെ അവിടെ നിന്നും പോകാൻ അനുവദിച്ചു. എന്നാൽ ഇവിടെ നിന്ന് തിരിച്ച് വരുന്ന വഴിക്ക് മൂന്ന് പേർ പെൺകുട്ടിയെ വീണ്ടും ബലാത്സം​ഗം ചെയ്തു. ബണ്ടി ബാലവി, അങ്കിത് രഘുവംശി, അമിത് വിശ്വകർമ്മ എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോ​ഗിച്ചിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നീരജ് സോണി അറിയിച്ചു. കൂട്ടബലാത്സം​ഗം, തട്ടിക്കൊണ്ട് പോകൽ, പോക്സോ എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. പ്രതികളെ റിമാന്റ് ചെയ്തു.