കാശ്മീർ പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീര മൃത്യു വരിക്കാൻ ഇടയായ സാഹചര്യത്തിലാണ് മസൂദ് അസ്ഹറിനെതിരായ നീക്കം. 

ദില്ലി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാന്‍ ഫ്രാന്‍സ് മുന്‍കൈയ്യെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

കാശ്മീർ പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീര മൃത്യു വരിക്കാൻ ഇടയായ സാഹചര്യത്തിലാണ് മസൂദ് അസ്ഹറിനെതിരായ നീക്കം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദിനെതിരായ നീക്കത്തില്‍ പങ്കാളിയാകുന്നത്. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ 2017ല്‍ മസൂദ് അസ്ഹറിനും ജെയ്‌ഷെ മുഹമ്മദിനെതിരെയും ‌സഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയുടെ നിലപാടാണ് അന്ന് ആ നീക്കം തടഞ്ഞത്. എന്നാല്‍ ഇതേ നീക്കവുമായി താമസിക്കാതെ തന്നെ ഫ്രാന്‍സ് വീണ്ടും രംഗത്തെത്തുമെന്നാണ് പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നത്.

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ ധാരണയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ അവകാശവാദം.

മസൂദ്​ അസ്​ഹർ പാകിസ്ഥാനിലാണുള്ളതെന്നും, അയാളെ പിടികൂടാൻ പാകിസ്ഥാന്​ കഴിവില്ലെങ്കിൽ ഇന്ത്യ അത്​ ചെയ്യുമെന്ന് പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ് നേരത്തെ പറഞ്ഞിരുന്നു. പാകിസ്ഥാൻ ഇന്ത്യന്‍ സൈനികരെയും സാധാരണക്കാരായ ജനങ്ങളെയും കൊലപ്പെടുത്തുകയാണെന്നും ഇത് ഇന്ത്യയ്ക്ക് ഒരിക്കലും സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.