Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിലെത്തിച്ചു; കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബില്‍ നിന്നും പാല മജസ്ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്ന ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടും അതേസമയം ഫ്രാങ്കോയുടെ അഭിഭാഷകര്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്.  

Franko mulakkal in pala court
Author
Kerala, First Published Sep 22, 2018, 1:09 PM IST

കോട്ടയം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബില്‍ നിന്നും പാല മജസ്ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്ന ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടും അതേസമയം ഫ്രാങ്കോയുടെ അഭിഭാഷകര്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്.  എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ശക്തമായ വാദങ്ങള്‍ ഉന്നയിക്കും. ജാമ്യം ലഭിക്കാതിരിക്കാന്‍ ബിഷപ്പിനെതിരായ  പുതിയ പീഡന പരാതികളും കോടതിയില്‍ സൂചിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം. 

പുതിയ പരാതികളില്‍ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ആവശ്യമുള്ളതിനാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുമെന്ന് പൊലീസ് കോടതിയെ അറിയിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ക്ലബിലേക്ക് മാറ്റിയ ഫ്രാങ്കോ മുളയ്ക്കലിനെ 12.45ഓടെയാണ് പാലയിലേക്ക് കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. 

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു നേരത്തെ പൊലീസിന്‍റെ പദ്ധതി.  എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.  

തുടര്‍ന്ന് യാത്രക്കിടെ  അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും അറിയിച്ചതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios