തളിപ്പറമ്പ്: സ്വത്ത്തട്ടിപ്പ് കേസില്‍ അഭിഭാഷകയ്ക്കും ഭർത്താവിനുമെതിരെ കൂടുതല്‍ ആരോപണങ്ങൾ. ശൈലജയുടെ ഭർത്താവുൾപ്പെട്ട വിസതട്ടിപ്പ് കേസുൾപ്പടെ ഉന്നതസ്വാധീനം ഉപയോഗിച്ച് ഒതുക്കിയതായാണ് അഭിഭാഷകർ തന്നെ ആരോപിക്കുന്നത്. ഷൈലജയുടെ അഭിഭാഷക പദവി എടുത്തുകളയണമെന്ന ആവശ്യം ബാർകൗൺസിലിലെ ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ അറസ്റ്റിലായ ജാനകിയെ സഹോദരിയായ ശൈലജയും ഭർത്താവ് കൃഷ്ണകുമാറും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവർക്കായി തെരച്ചിൽ ശക്തമാക്കി.
തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരുന്ന ബാലകൃഷ്ണന്‍റെ സ്വത്ത് തട്ടാൻ ലക്ഷ്യമിട്ട് തന്‍റെ സഹോദരിയായ ജാനകിയുമായി ഇദ്ദേഹത്തിന്‍റെ വിവാഹം നടന്നുവെന്ന രേഖ ഷൈലജയ്ക്ക് വില്ലേജ് ഓഫീസർ ഒരന്വേഷണവും നടത്താതെ തയ്യാറാക്കി നല്‍കിയത് ഒറ്റദിവസം കൊണ്ടാണ്. കൂടാതെ ബാലകൃഷ്ണന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഷൈലജ പ്രധാന രേഖയായി ഉപയോഗിച്ച പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കേവലം ഒരുമാസം കൊണ്ട് ഉണ്ടാക്കിയെടുത്തു.
സാധാരണ ഗതിയിൽ ഗസറ്റ് വിജ്ഞാപനമടക്കം ചെയ്ത് കുറഞ്ഞത് 1 വര്‍ഷം കഴിഞ്ഞാലെ സാധാരണക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ലഭിക്കാറുള്ളൂവെന്നിരിക്കെ ഷൈലജയ്ക്കുള്ള വലിയ സ്വാധിനത്തിന്റെ തെളിവാണെന്നും ഷൈലജയുടെ സഹപ്രവർത്തകർ പറയുന്നു. ഇത് തയ്യാറാക്കിയ തഹസില്‍ദാരടക്കം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
2010 ല്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി നഗരസഭയിലേക്ക് മല്‍സരിച്ച ഷൈലജയ്ക്ക് സീറ്റിനായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കള്‍ ഇടപെട്ടതായാണ് വിവരം. അതിനിടെ പയ്യന്നൂർ സ്വദേശിയില്‍നിന്നും ഷൈലജയുടെ ഭർത്താവായ കൃഷ്ണകുമാർ വ്യാജ വിസ നല്‍കി ലക്ഷങ്ങള്‍ കബളിപ്പിച്ചുവെന്നും , മറ്റൊരാളില്‍നിന്നും കൃഷ്ണകുമാർ സ്ഥാപനം തുടങ്ങാനെന്ന വ്യാജേന 3 ലക്ഷംരൂപ തട്ടിയെടുത്തതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
പയ്യന്നൂർ ബാർ അസോസിയേഷന്‍ ഷൈലജയോട് വിശദീകരണം തേടിക്കഴിഞ്ഞു. ബാർ കൗൺസിലിലെ ഒരുവിഭാഗം ഷൈലജയുടെ അഭിഭാഷക പദവി റദ്ധാക്കണമെന്ന ആരോപണവും ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു. പരാതി ഉടനെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അവതരിപ്പിക്കാനും കൗൺസില്‍ അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശൈലജയിൽ നിന്നും ഭർത്താവിൽ നിന്നും ജാനകിക്ക് നേരെ അപായശ്രമം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നു. എറണാകുളത്താണ് ഷൈലജയും ഭർത്താവും ഇപ്പോഴുള്ളതെന്നാണ് സൂചന. പോലീസ് ഇവർക്കായി തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ഒപ്പം ജാനകിയെ പോലീസ് ഉടന്‍ തെളിവെടുപ്പിനായി തിരുവന്തപുരത്തേക്ക് കൊണ്ടുപോകും.
