പാരീസ്: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വെ ഒലോന്ദ്. ടെലിവിഷനിലൂടെയാണ് രണ്ടാം തവണ പ്രസിഡന്‍റാകാനില്ലെന്ന് ഒലോന്ദ് രാജ്യത്തെ അറിയിച്ചത്.  മെയ് മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രധാനമന്ത്രി മാന്വൽ വാൾസ് മത്സരിച്ചേക്കും.

തുടർച്ചയായ ഭീകരാക്രമണങ്ങൾ, തൊഴിലില്ലായ്മ, യൂറോസോണിലെ പ്രതിസന്ധി എന്നീകാരണത്താൽ ജനപ്രീതി ഇടിഞ്ഞ ഭരണ കാലഘട്ടമായിരുന്നു ഒലോന്ദിന്‍റെത്. പുതിയ നികുതികൾ മധ്യ വർഗ്ഗത്തെ വല്ലാതെ ഉലച്ചു.ഇത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പ്രസിഡന്‍റ് പദവിക്ക് വേണ്ടി രണ്ടാമത് മത്സരിക്കാത്ത ആദ്യ പ്രസിഡന്‍റാണ് ഫ്രൻസ്വ ഒലോന്ദ്. രാജ്യത്തിന്‍റെ വെല്ലുവിളികൾ മനസ്സിലാക്കുന്നുവെന്നും നല്ല നാളേക്കായാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഫ്രാൻസ്വെ ഫില്ലന് തെരഞ്ഞെടുപ്പില്‍ മുൻതൂക്കമുള്ളതായാണ് റിപ്പോർട്ടുകൾ. ഒലോന്ദിന്‍റെ മുൻഗാമിയായ നിക്കോളാസ് സർക്കോസി മത്സരിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഒലോന്ദിന്‍റെ പിൻമാറ്റത്തോടെ സർക്കോസിയുടെ സാധ്യതയും മങ്ങുകയാണ്..അങ്ങിനെയെഹ്കിൽ പ്രധാനമന്ത്രി മാന്വൽ വാൾസ് മത്സരിക്കും.