അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന.
കോഴിക്കോട്: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി മുരളീധരപക്ഷം. ആര്‍എസ്എസ് അനുകൂല നിലപാടിന്‍റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്‍റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്‍റെ നീക്കം.
അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്‍റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് ഇതിന്‍റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്‍റെ ലക്ഷ്യം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നേതൃമാറ്റമുണ്ടാകുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കകളെ സുരേന്ദ്രന്‍റെ ഇപ്പോഴത്തെ പരിവേഷത്തിലൂടെ മറികടക്കാനാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്ന് സൂചനയുണ്ട്. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ല.
